ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വരുമ്പോള്‍ ശ്രദ്ധേയമാകുന്നത് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയുടെ ഭിന്നാഭിപ്രായം. ഭരണഘടനയുടെ മൂല്യങ്ങളെ വ്യഖ്യാനിച്ച് വ്യത്യസ്തമായ അഭിപ്രായത്തില്‍ എത്തുകയായിരുന്നു വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര. വിശ്വാസങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ കോടതികള്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രധാന നിരീക്ഷണം. എന്നാല്‍ ഇന്ദു മല്‍ഹോത്രയുടെ വാദങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുകയാണിപ്പോള്‍.
ഇന്ദു മല്‍ഹോത്രയുടെ പ്രധാന നിരീക്ഷണങ്ങള്‍
ഹര്‍ജിക്കാര്‍ ആരും തന്നെ, അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വിശ്വസിക്കുന്ന അയ്യപ്പഭക്തരല്ല. ഒരു മതത്തിലോ ആ മതത്തിന്റെ ദൈവത്തിലോ വിശ്വസിക്കാത്തവര്‍ അതത് മതാചാരങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ അപകടത്തിലാക്കും. ഈ ഹര്‍ജി പരിഗണിക്കുന്നത് തന്നെ ഇത്തരത്തിലുള്ള പൊതുതാല്‍പര്യ ഹര്‍ജികളുടെ പ്രവാഹം സൃഷ്ടിക്കും. അത് ഏറ്റവും കൂടുതല്‍ ബാധിക്കുക രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെയാകും.
മതാചാരങ്ങളെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനാവില്ല. എല്ലാ അയുക്തികതകളോടും തന്നെ സ്വന്തം മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ 25, 26(ബി) അനുച്ഛേദങ്ങള്‍ പൌരന് നല്‍കുന്നത്. ഒരു മതാചാരത്താല്‍ നീതിനിഷേധിക്കപ്പെടുന്ന ഒരാളുടേതല്ലാത്ത പരാതിയില്‍ സാധാരണ കോടതി ഇടപെടാറേയില്ല. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിഷയമാണിത്.
ഒരു മതത്തിന്റെ നിര്‍ബന്ധ മതാചാരമേതെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അതത് മതവിശ്വാസികളാണ്. സതി പോലെയുള്ള സാമൂഹിക ദുരാചാരങ്ങളുടെ കാര്യത്തിലല്ലാതെ ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. മതപരമായ ആചാരങ്ങളെ തൊട്ടുകൂടായ്മ വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്.
മതപരമായ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് മതവിശ്വാസികള്‍ തന്നെയാണ്, അതില്‍ കോടതിക്ക് ഇടപെടേണ്ട ആവശ്യമില്ല. ഒരു മതാചാരത്തിന് മേല്‍ കോടതി അതിന്റെ യുക്തിയോ ധാര്‍മികതയോ അടിച്ചേല്‍പിക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ കോടതിയുടെ പരിധിക്ക് പുറത്താണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 25, 25 ആര്‍ട്ടിക്കുകള്‍ അനുസരിച്ച് പ്രത്യേക സംരക്ഷണം ലഭിച്ച സ്ഥലമാണ് ശബരിമല. അയ്യപ്പഭക്തന്മാര്‍ പ്രത്യേക മതവിഭാഗമെന്ന പരിഗണന ലഭിക്കുന്ന വിഭാഗമാണ്. ഒരു മതത്തില്‍ തന്നെ വ്യത്യസ്ത വിശ്വാസധാരകളുണ്ടാകും. ഓരോന്നിനും ഓരോന്നിന്റെയും ആചാരങ്ങളുണ്ട്. ശബരിമല ക്ഷേത്രത്തെയും ആചാരങ്ങളെയും പ്രത്യേക മതവിഭാഗമായി പരിഗണിക്കാവുന്നതാണ്
ജഡ്ജിമാരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് വിലയില്ലെന്നും ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി