മധുവിന് നീതി: വികാര ഭരിതരായി മലയാള സിനിമാ ലോകം; മമ്മൂട്ടിയും മഞ്ജുവാര്യരും അടക്കം പ്രമുഖര്‍ ശക്തമായി രംഗത്ത്

അട്ടപ്പാടിയില്‍ ക്രൂരമായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനായി മലയാള സിനിമാ ലോകത്തു നിന്നും ശക്തമായ പ്രതികരണം. മമ്മൂട്ടിയുടെ മഞ്ജുവാര്യരും അടക്കം മുന്‍നിര താരങ്ങള്‍ മധുവിനായി രംഗത്തെത്തി. തന്റെ അനുജനാണ് മധുവെന്ന് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പരഞ്ഞു. ആള്‍ക്കൂട്ട ഭീകരതക്കും വംശീയ കൊലപാതകത്തിനുമെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവന്‍. ഒറ്റ വരിയില്‍ പറഞ്ഞാല്‍ അതായിരുന്നില്ലേ മധു. കാട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ നാട്ടിലേക്കു വന്നു വിശപ്പടക്കാന്‍ വഴി തേടിയ ഒരാള്‍. സ്വന്തം ഊരിലെ ആള്‍ക്കൂട്ടം നീതി നടപ്പിലാക്കിയപ്പോള്‍ വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധുവിന് മുന്നില്‍ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, വിശക്കുന്നവര്‍ക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളില്‍ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം.

ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

മമ്മൂട്ടി

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

ടൊവിനോ തോമസ്

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി. സൂപ്പര്‍

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട. എല്ലാരും കണക്കാ. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല. ശ്രീ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും ‘

ജയസൂര്യ

മധു… അത്’നീയാണ് ‘ അത്… ‘ഞാനാണ് ‘ മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നു..എത്രയും പെട്ടന്ന് ഇതിനൊരു ശക്തമായി നടപടി ഉണ്ടാകുമെന്ന് അടിയൊറച്ച് ഞാന്‍ വിശ്വസിക്കുന്നു.

അരുണ്‍ ഗോപി

മധു- തേന്‍, നരഭോജികള്‍ നുകര്‍ന്ന് ഇല്ലാതാക്കിയ ഒരു കുടുംബത്തിന്റെ മധു. ആ മനുഷ്യന്റെ മുഖം മായാതെ എന്റെ മനസ്സില്‍ കിടക്കുന്നു എന്ന് ഞാന്‍ പറയില്ല, കാരണം അത് മായും ഞാന്‍ മറക്കും…. ഞാന്‍ ഒരു മനുഷ്യനാണല്ലോ…. മറവിയുള്ള മനുഷ്യന്‍… പക്ഷെ ആ മുഖം മായാത്ത ഒരു കുടുംബം ഉണ്ട് അയാള്‍ക്ക്. പട്ടിണിയെ മോഷണം കൊണ്ട് തോല്‍പ്പിക്കാന്‍ ശ്രെമിച്ചു പോയ പാവം മധുവിന്റെ കുടുംബം… അവരുടെ പട്ടിണി മാറ്റാന്‍ എന്തെങ്കിലും ചെയ്യാം ഇല്ലെങ്കില്‍ നാളെയും ആരെങ്കിലും കാട് ഇറങ്ങും ഉന്തിയ വാരിയെല്ലും ചൊട്ടിപോയ വയറുമായി, അപ്പോഴും കൊല്ലാന്‍ തക്കം പാര്‍ത്തു ആളുണ്ടാകും, വിലപിക്കാന്‍ നമ്മള്‍ കുറേപേര്‍ ഫേസ്ബുക്കിലും…! കൊന്നവര്‍ക്കു എന്ത് ശിക്ഷ എന്ന് ഞാന്‍ ചിന്തിക്കുന്നില്ല! ശിക്ഷ അവരെത്തേടി എത്തുക തന്നെ ചെയ്യും…! പട്ടിണി മാറ്റാന്‍ ആ കുടുംബങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാം അത്രമാത്രം.

ആഷിക്ക് അബു

കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..!

സന്തോഷ് പണ്ഡിറ്റ്

നിരവധി നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങള്‍ക്കുമാണ്‌നാം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി ആകുന്നത്. അട്ടപ്പാടിയിലെ യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചു കൊന്നതും (അതിനിടയില്‍ കുറേ പേര്‍ selfy എടുത്തു ആഘോഷിച്ചു),കണ്ണൂരിലെ ശുഹൈബിന്റെ മൃഗീയമായ കൊലപാതകവും,

ഗര്‍ഭസ്ഥ ശിശു പോലും ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും നമ്മുടെ മൃഗീയ സ്വഭാവത്തിന്ടെ ഉദാഹരണങ്ങളല്ലേ ?

എല്ലാ കൊലപാതകങ്ങളും അപലപനീയങ്ങളാണ്. ഇതാണോ സാംസ്‌കാരിക കേരളം ?ഇതാണോ No 1 സംസ്ഥാനം. ഈ ലോകത്ത് പാസ്പോര്‍ട്ടും, കോടികളുമുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ?മധുവിനെ പോലത്തെ പാവപ്പെട്ടവര്‍ക്കും ജീവിക്കേണ്ടേ?

നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക. 100% സാക്ഷരത പ്രവൃത്തിയില്‍ കൊണ്ടു വരിക.എല്ലാം ഭാവിയില്‍ ശരിയാകുമെന്നു വിശ്വസിക്കുന്നു.

സുരാജ് വെഞ്ഞാറമൂട്

നീ കാട് മോഷ്ടിച്ചത് കൊണ്ടല്ലേ മനുഷ്യാ.. അവന്‍ ചോറ് തേടിയിറങ്ങിയത്

ജോയ് മാത്യു

സാക്ഷര – സംസ്‌കാര കേരളമേ ലജ്ജിക്കുക, ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസീകാസ്വാസ്ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ-മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല-കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുബ് കൈകള്‍കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.

Top