കൊച്ചി: കോണ്‍ഗ്രസ്സിലെ യുവ എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുമായിട്ടുള്ള പ്രണയം വിവാഹത്തിലെത്തുന്നു. ശബരീനാഥന്‍ തന്നെയാണ് ഫസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. കെഎസ് ശബരീനാഥന്‍ തന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്താണെന്നും വിവാഹ ശേഷവും അത് അങ്ങനെ തന്നെ തുടരുമെന്നും ദിവ്യ എസ് അയ്യര്‍.
കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥനുമായുള്ള വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ തീരെ പ്രതീക്ഷിച്ചില്ലെന്ന പ്രതികരണമാണ് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഏറ്റവുമധികം കേട്ടത്. അപ്രതീക്ഷിതമായിട്ടാണ് ശബരീനാഥനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതുമെന്നും അവര്‍ പറഞ്ഞു. പിആര്‍ഡി വകുപ്പിന്റെ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് കെപിഎസി ലളിതയ്‌ക്കൊപ്പം ഖസാകിന്റെ ഇതിഹാസം എന്ന നാടകം കാണാനെത്തിയപ്പോഴാണ് ശബരിയെ ദിവ്യ ആദ്യമായി കാണുന്നത്.
തലസ്ഥാനത്തെ ഒരു ഐഎഎസ് ഉദ്യോഗസ്ഥയും എംഎല്‍എയും പൊതു ചടങ്ങുകളില്‍ കണ്ട് മുട്ടുക എന്ന സ്വാഭാവികത തന്നെയായിരുന്നു ഇരുവരുടെയും സൗഹൃദത്തിന് വഴി തെളിച്ചത്. പല ഔദ്യോഗിക പരിപാടികളിലും കണ്ട് മുട്ടിയപ്പോള്‍ സുഹൃത്തുക്കളായി മാറുകയായിരുന്നു. പിന്നീട് ഇരുവരുടേയും പൊതു സുഹൃത്തുക്കള്‍ വഴി കൂടുതല്‍ സൗഹൃദത്തിലാവുകയായിരുന്നു. ചില സുഹൃത്തുക്കള്‍ വഴിയാണ് ശബരി ഇങ്ങനെയൊരു പ്രപോസല്‍ മുന്നോട്ട് വെച്ചത്. നല്ല സുഹൃത്തായിരുന്നതിനാല്‍ തന്നെ ശബരിയെക്കുറിച്ച് നന്നായി മനസ്സിലാക്കാനായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു
രണ്ട് പേരും വലിയ തിരക്കുകളുള്ള വ്യക്തികളാണെങ്കിലും പരസ്പരം മനസ്സിലാക്കിയെന്നതും പിന്നീട് രണ്ട് പേരുടേയും ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. രണ്ട് പേര്‍ക്കും പൊതു പ്രവര്‍ത്തനം വെറും തമാശ മാത്രമല്ലെന്ന ഘടകമാണ് തങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. ശബരിയോടുള്ള സൗഹൃദത്തിനും പിന്നീട് അത് പ്രണയത്തിലേക്ക് മാറിയപ്പോഴും ഒരിക്കലും അതില്‍ രാഷ്ട്രീയം കടന്നു വന്നിട്ടില്ലെന്നും ദിവ്യ എസ് അയ്യര്‍ പറയുന്നു.
തന്റെ നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നയാളാണ് ശബരിയെന്നും അവര്‍ പറയുന്നു. തിരക്കുകളേറെയുണ്ടെങ്കിലും അതൊന്നും വിവാഹ ജീവിതത്തെ ബാധിക്കില്ലെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ട് വീട്ടുകാരും വിവാഹ ആലോചനകള്‍ നിരവധി നടത്തുന്നുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ ഒരു ഡോകടറേയോ ഒക്കെയാണ് പ്രതീക്ഷിച്ചിരുന്നത്. അവിടേക്ക് ഒരു രാഷ്ട്രീയ നേതാവിന്റെ ആലോചന എങ്ങനെ ഉള്‍ക്കൊള്ളും എന്നതില്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് ഇഷ്ടപ്പെട്ടതെന്നും ഒരിക്കലും രാഷ്ട്രീയക്കാരോട് ആരാധന തോന്നിയിട്ടില്ലെന്നും ദിവ്യ പറഞ്ഞു. തനിക്ക് ആരാധന തോന്നിയിട്ടുള്ളത് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനോട് മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളം രാഷ്ട്രീയ ഭേദമന്യേ ആദരിക്കുന്ന വലിയ നേതാവായ ജി കാര്‍ത്തികേയന്റെ മരുമകളായി ആ കുടുംബത്തിലേക്ക് എത്തുന്നതില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്നും ദിവ്യ ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. നിരവധി പുസ്തകങ്ങള്‍ രചിച്ച് എഴുത്തിലുള്ള പ്രാവീണ്യവും അവര്‍ തെളിയിച്ചിട്ടുണ്ട്. സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്.
2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ആം റാങ്കും നേടിയ മിടുക്കിയാണ്, കേരളത്തിന്റെ യുവ എംഎല്‍എയ്ക്ക് മണവാട്ടിയാകുന്നത്. നിലവില്‍ തിരുവനന്തപുരം സബ്കളക്ടറായ ദിവ്യയുടെ നിരവധി പ്രസംഗങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. ഐഎഎസ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറാകാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന എഴുത്തുകളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.