കൊച്ചി:സന്യസ്ഥ വിദ്യാർഥിനിയായ ദിവ്യ പി ജോൺ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സംശയമുണ്ടെന്ന് അമ്മ കൊച്ചുമോൾ. ഇത് എങ്ങനെ, എന്തിന് നടന്നു എന്ന് തനിക്കറിയണം. തങ്ങൾ പരാതി കൊടുത്തിട്ടില്ലെങ്കിലും വേണ്ടപ്പെട്ടവർ പരാതിപ്പെട്ടുകഴിഞ്ഞു. മകളുടെ മരണത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതായും കൊച്ചുമോൾ വ്യക്തമാക്കി. മരണസമയത്തെ മകളുടെ വസ്ത്രധാരണത്തെപ്പറ്റി വരെ മോശമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അമ്മ പറഞ്ഞു.
സി.ആർ.പി.എഫ് ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥൻ ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് കൊച്ചുമോൾ ദമ്പതികളുടെ മകളാണ് 21 കാരിയായ ദിവ്യ. വ്യാഴാഴ്ച്ചയാണ് മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.30 ഓടെയാണ് ദിവ്യയെ കിണറിനുളളിൽ വീണ നിലയിൽ കണ്ടത്.കന്യാസ്ത്രീകളുടെയും പോലിസിന്റെയും അഭിപ്രായങ്ങൾ തങ്ങൾ മുഖവിലക്കെടുക്കുന്നെന്നും എന്നാൽ, പൂർണമായി വിശ്വസിക്കുന്നില്ലെന്നും കൊച്ചുമോൾ വ്യക്തമാക്കി.
ദിവ്യയെ കൊന്നുതള്ളിയതാണെന്നുവരെ ഒരു തെളിവുമില്ലാതെ പ്രചാരണം നടക്കുന്നു. ഇത് വേദനാജനകമാണ്. ചില ദുഷ്ടമനസ്സുകളാണ് ഇതിനുപിന്നിൽ. അപ്രതീക്ഷിതമായി മകളെ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന തങ്ങളെ ഇത്തരം പ്രചാരണങ്ങൾ ഭ്രാന്തുപിടിപ്പിക്കുന്നതായും കൊച്ചുമോൾ പറഞ്ഞു. ദിവ്യയുടെ പിതാവ് ജോൺ ഫിലിപ്പോസ് ഇപ്പോൾ ഹോം ക്വാറൻറീനിലാണ്. അതിനുശേഷം മാത്രമേ കുടുംബം പരസ്യനിലപാട് സ്വീകരിക്കൂ എന്നാണ് വിവരം.
ദിവ്യ മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സംഭവത്തിനുപിന്നിലെ ദുരൂഹത മാറ്റാനാകാതെ കുഴയുകയാണ് പൊലീസ് മരണം നടന്നതിന്റെ തൊട്ടടുത്തദിവസം തന്നെ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധനകൾ നടത്തിയെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തതും ദുരൂഹത വർധിപ്പിക്കുന്നു.
കോട്ടയത്തുനിന്നുള്ള പൊലീസ് സർജന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച മഠത്തിലെത്തി പരിശോധന നടത്തിയിരുന്നു.എന്നാൽ, ഇവക്കൊന്നും ഔദ്യോഗിക വിശദീകരണം നൽകാൻ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള തിരുവല്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ആത്മഹത്യയാണെന്ന നിഗമനത്തിൽ ഉറച്ചുനിന്ന പൊലീസ് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന നിലപാടിലാണിപ്പോൾ.
അതേസമയം വാട്സ് ആപ് അടക്കം സോഷ്യൽ മീഡിയായിൽ ദിവ്യയുടെ മരണവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ചർച്ചയാക്കുകയാണ്. ദിവ്യ താമസിച്ചിരുന്ന മഠത്തിൽ വൈദികർ നിത്യസന്ദർശകരായിരുന്നുവെന്നും കന്യാസ്ത്രീമാരെ അവർ ടു വീലർ ഓടിക്കുവാൻ പഠിപ്പിക്കുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു എന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് പോർണ്ണമായി :
തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേർസ് കോൺവെൻ്റിലെ സന്യസ്ത വിദ്യാർത്ഥിനിയായിരുന്നു ദിവ്യ. മoത്തിലെ മുറ്റത്തുള്ള 15 അടി താഴ്ച മാത്രമുള്ള, അരക്കൊപ്പം വെള്ളം മാത്രമുള്ള കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പുറത്തെടുക്കുമ്പോൾ ചുരിദാറിൻ്റെ ബോട്ടം ധരിച്ചിട്ടില്ലായിരുന്നു എന്നത് കൂടുതൽ സംശയങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിവക്കുന്നു. സീറോ മലങ്കര റീത്തിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന മഠത്തിലേത് തികച്ചും അസ്വാഭാവിക മരണം തന്നെയാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് എന്ത് തന്നെയായാലും പൊലീസിനോട് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി മരണകാരണം പുറത്തു കൊണ്ടുവരണമെന്ന് സീറോ മലങ്കര സഭാധ്യക്ഷൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ളിമ്മീസ് ആവശ്യപ്പെടേണ്ടതാണ്. ആ മoത്തിലെ സുപ്പീരിയർ തന്നെ പരാതിക്കാരിയായി പൊലീസിനെ സമീപിക്കണം.
ഇത് കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ആത്മാഭിമാനത്തിൻ്റെയും നിലനില്പിൻ്റെയും പ്രശ്നമാണ്. ആത്മഹത്യയായാലും കൊലപാതകമായാലും മഠാധികാരികൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാവില്ല. ആത്മഹത്യയാണെങ്കിൽ മഠാധികാരികളെ കയ്യാമം വച്ച് തുറുങ്കിലടക്കണം. 5 കൊല്ലം ഒപ്പമുണ്ടായിട്ട് ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണത്തിലുള്ള ഒരു സന്യസ്ത വിദ്യാർത്ഥിനിയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലും കഴിഞ്ഞില്ലെങ്കിൽ ഇവരൊക്കെ എന്തു തരം കന്യാസ്ത്രീമാരാണ് എന്ന് ചിന്തിച്ചു പോവുകയാണ്.
സീറോ മലങ്കരയുടെ തിരുവല്ല അതിരൂപതയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 8 വൈദികരെ ലൈംഗികാരോപണങ്ങളെ തുടർന്ന് സ്ഥലം മാറ്റിയതായി അറിയുന്നു. അതിൽ നാലുപേർ വിദേശത്തും, രണ്ടു പേർ കട്ഖിയിലും രണ്ടു പേർ ഗുഡ്ഗാവിലുമാണ്. വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന മലങ്കര സഭയുടെ നിലപാടുകളാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്. ഏറിയാൽ ഒരു ട്രാൻസ്ഫർ അതിനപ്പുറം ഒന്നും സംഭവിക്കില്ല എന്ന ഒരുറപ്പ് അവർക്കുണ്ടായിരിക്കുന്നു.
ഏതാനും നാളുകൾക്ക് മുമ്പാണ് മറ്റൊരു സന്യാസിനിയെ മഴവെള്ള സംഭരിണിയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന കാര്യവും ചേർത്ത് വായിക്കേണ്ടതുണ്ട്.
ദിവ്യ താമസിച്ചിരുന്ന മഠത്തിൽ വൈദികർ നിത്യസന്ദർശകരായിരുന്നുവെന്നും കന്യാസ്ത്രീമാരെ അവർ ടു വീലർ ഓടിക്കുവാൻ പഠിപ്പിക്കുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. പുറത്തു വരുന്ന വാർത്തകളും, ഊഹാപോഹങ്ങളും, അയൽക്കാരുടെ മൊഴികളും ആശങ്കയുണർത്തുന്നതാണ്. അതിനാൽ തന്നെ സത്യമറിയാനുള്ള അവകാശം ഞങ്ങൾ ക്രൈസ്തവ വിശ്വാസികൾക്കുണ്ട്. അതിനാൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയൂസ് മാർ ക്ളിമ്മീസ് അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം.
ഇത്തരം സംഭവങ്ങളുടെ പേരിൽ പൊതുസമൂഹത്തിന് മുന്നിൽ പരിഹാസ്യരായി, അപമാനിക്കപ്പെട്ട് തല കുനിച്ച് നിൽക്കേണ്ടി വരുന്നത് ലക്ഷോപലക്ഷം വിശ്വാസികളാണ്. മഹാഭൂരിഭാഗം വരുന്ന വിശുദ്ധരായ വൈദികരും സന്യസ്തരുമാണ്. ഇനിയും അമാന്തിച്ചാൽ വിശ്വാസികൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കും.
മറക്കരുത്. ഈ സഭ മേജർ ആർച്ച് ബിഷപ്പുമാരുടെ തറവാട്ടു സ്വത്തല്ല. സന്യാസ മoങ്ങളിലെ സന്യസ്തരും വിദ്യാർത്ഥിനികളും നിങ്ങളുടെ അടിമകളല്ല. കൈക്കുരിശ് ഉയർത്തി അവരെ നിങ്ങൾക്ക് അടക്കി നിർത്താനായേക്കാം. എന്നാൽ കുരിശിലേറാൻ സന്നദ്ധരായ, ക്രൂശിതനിൽ വിശ്വസിക്കുന്ന ചങ്കൂറ്റമുള്ള വിശ്വാസികൾ ഇന്നും സഭയിലുണ്ട്.
ഷൈജു ആൻറണി.