നടിയെ ആക്രമിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആലുവ കോടതിയിൽ നിന്ന് പ്രതികളുടെ ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി. ഫോണുകൾ ഇന്ന് തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ എത്തിക്കും. അതേസമയം ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ് നൽകി.
ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദേശം നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടിസ് പ്രതികൾ കൈപ്പറ്റിയിട്ടില്ല. വീടുകളിൽ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി.
ഇതിനിടെ കേസിൽ പ്രോസിക്യൂഷൻ ഇന്ന് കൂടുതൽ തെളിവുകളും ഹാജരാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കേസ് അനുകൂലമാക്കാൻ ദിലീപിന്റെ അഭിഭാഷകൻ നല്ല രീതിയിൽ ശ്രമിച്ചിരുന്നു. കേസ് ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ നടത്തിയ വാദങ്ങൾ. കേസിന്റെ എഫ്.ഐ.ആറും, ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയുടെ ആധികാരികതയും ചോദ്യം ചെയ്തായിരുന്നു പ്രതിഭാഗത്തിന്റെ നിർണ്ണായക നീക്കം.