തിരുവനന്തപുരം : വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ . പ്രതി സന്തോഷിനെതിരെ മറ്റൊരു ലൈഗീകാതിക്രമ കേസിൽ കൂടി അന്വേഷണം തുടങ്ങിയതായി പോലീസ് . ഒരു വീട്ടിൽ കടന്ന് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അന്വേഷണം. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.
കുറവംകോണം കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. സർക്കാർ വാഹനത്തിലെത്തി അതിക്രമം കാണിച്ച ഡ്രൈവർ സന്തോഷിനെ പരാതിക്കാരിയായ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് സ്ത്രീയുടെ വീട്ടിൽ കയറിയതിന് അറസ്റ്റിലായ സന്തോഷിനെ മ്യൂസിയം കേസിലും അറസ്റ്റ് ചെയ്യും.
ഒക്ടോബർ 25 ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിൻറെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റിലാണ് ഈ അന്വേഷണം ചെന്നെത്തിയത്. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിനറെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി തന്നെ സന്തോഷിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെ ഉറപ്പിച്ചു.