നടന്‍ ജഗതി ശ്രീകുമാറിന്റെ അസുഖം താന്‍ ഭേദമാക്കുമെന്ന് പറഞ്ഞുകൊണ്ട് മാധവന്‍ വൈദ്യര്‍ കഴിഞ്ഞ ഏതാനും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രംഗത്തെത്തിയത്. എന്നാല്‍ ഈ പുതിയ വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ് അഭിപ്രായപ്പെടുന്നു. പ്രശസ്തിയും പണവും മാത്രമാണ് വൈദ്യരുടെ ലക്ഷ്യമെന്നും ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്നാണ് തനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തോട് പറയാനുള്ളതെന്ന് സുല്‍ഫി നൂഹ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘മഹാനടനെ തൊട്ടുലോടി സംതൃപ്തനായി അദ്ദേഹം പൊയ്ക്കോട്ടെ
മഹാനടന് ശ്രീ ജഗതി ശ്രീകുമാര്‍ അവര്‍കളെ തൊട്ടുലോടിയാല്‍ പഴയ ആരോഗ്യസ്ഥിതിയില്‍ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അല്‍ഭുത ചികിത്സകന്‍ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വായിച്ചു. സത്യാവസ്ഥ അറിയില്ല. ചികിത്സയ്ക്ക് സമ്മതം നല്‍കി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാദ്ധ്യമങ്ങളില്‍ കാണുന്നു.
മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ വന്നു ‘ നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല’ എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എങ്കിലും പ്രായോഗികമായ ചികിത്സാ രീതികള്‍ വച്ച് അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തില്‍ അത്ഭുത ചികിത്സകള്‍ മറിച്ചൊരു ഫലം നല്‍കും എന്ന് കരുതാന്‍ വഴി കാണുന്നില്ല.
അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. അത്ഭുത ചികിത്സകന്‍ വന്നോട്ടെ. മഹാനടനെ തൊട്ടു ലോടി സംതൃപ്തിയടഞ്ഞു സാമ്പത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ. എന്നാല്‍ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന , ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുത്….മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.
തൊട്ടുലോടി അദ്ദേഹം പൊയ്ക്കോട്ടെ. അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്പര്‍ശവും അല്പം പ്രശസ്തിയും കുറച്ചു പണവും മാത്രം.
ഡോ സുല്‍ഫി നൂഹു