ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട..!! തെളിവുകളുമായി സാമൂഹ്യമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: വെസ്റ്റ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക് നീങ്ങിയതിന് പിന്നില്‍ വര്‍ഗ്ഗീയ അജണ്ടകളുണ്ടെന്ന് സംശയം. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചതിന്റെ പേരില്‍ ആരംഭിച്ച സമരം ഇന്ന് രാജ്യവ്യാപകമാകുകയാണ്. ബംഗാളില്‍ മാത്രം 700ല്‍ അധികം ഡോക്ടര്‍മാര്‍ സമരമുഖത്തുണ്ട്. എന്നാല്‍ സമരത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

ഇപ്പോഴത്തെ ഐഎംഎ യുടെ സമരത്തിന് പിന്നില്‍ സംഘപരിവാര്‍ താല്‍പ്പര്യമാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കെതിരേ മുമ്പ് ഭരണകൂടം തിരിഞ്ഞപ്പോഴെല്ലാം മിണ്ടാതിരുന്ന ഐഎംഎ ഇപ്പോള്‍ സമരവുമായി വരുന്നത് ഇരട്ടത്താപ്പാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഹിന്ദു- മുസ്ലിം പ്രശ്നമാക്കി വളര്‍ത്തിക്കൊണ്ടുവരുന്നതിനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. കൊല്‍ക്കത്തയിലെ സമരം പൊടുന്നനെ ബംഗാളിലേക്കു മൊത്തമായും പിന്നീട് ഇന്ത്യ ഒട്ടുക്കും പടര്‍ന്നതോടെ രണ്ട് വിഭാഗങ്ങളുടെ ഏറ്റുമുട്ടലെന്നത് രഹസ്യമായി മാത്രം പ്രചരിപ്പിക്കുകയാണ് ഇവര്‍. തിങ്കളാഴ്ച മര്‍ദ്ദനം ഉണ്ടായ ഉടന്‍ ആശുപത്രി സന്ദര്‍ശിച്ച മുന്‍ തൃണമൂല്‍ നേതാവും ഇപ്പോഴത്തെ ബി.ജെ.പി എം.പിയുമായ മുകുള്‍ റോയ് പറഞ്ഞത് സംഭവത്തിനു പിന്നില്‍ മുസ്ലിംകള്‍ ആണെന്നും ആസൂത്രണ സ്വഭാവത്തോടെയാണ് ആക്രമണം നടത്തിയത് എന്നുമാണ്.

മുംബൈയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍ ജാതിയാക്ഷേപത്തിന് ഇരയായപ്പോഴും ഉത്തര്‍പ്രദേശില്‍ കഫീല്‍ ഖാനെ പോലെയുള്ളവരെ അനാവശ്യമായി ജയിലില്‍ ഇട്ടപ്പോഴും ഉണരാത്ത ധാര്‍മ്മികബോധം ഇപ്പോള്‍ ഉണ്ടാകുന്നതിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നാണ് ആരോപണം ഉയരുന്നത്. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ പ്രതികരിക്കപ്പെടേണ്ടതാണെങ്കിലും ഇപ്പോഴത്തെ സമരത്തിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പ്പര്യമാണെന്നും വിമര്‍ശിക്കുന്നു.

2017 ല്‍ ഗോരഖ്പൂരിലെ ശിശുമരണത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഡോ. കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി എടുത്തപ്പോള്‍ ഐ.എം.എ പ്രതിഷേധിച്ചില്ല. കോടതി ക്ളീന്‍ചിറ്റ് നല്‍കി സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് വരെ 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ഖാന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്ന് ഒരുമാസത്തിനിപ്പുറവും കഫീല്‍ ഖാന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ അദ്ദേഹത്തിന് അലവന്‍സ് നല്‍കുകയോ ചെയ്തിട്ടില്ല. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാറിനാല്‍ വേട്ടയാടപ്പെട്ട സമയത്ത് ഐഎംഎ മിണ്ടാതിരിക്കുകയായിരുന്നു. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍ പായല്‍ തഡ്വി സഹപ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവേളയിലും ഐ.എം.എ നിശബ്ദരായിരുന്നു. അപ്പോഴെല്ലാം പ്രതികരിക്കാതിരുന്ന ഐഎംഎ ഇപ്പോള്‍ രംഗത്ത് വരുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് ആക്ഷേപം.

പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദ്ദനമേറ്റതിന്റെ പേരിലാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ട് 700 ജൂനിയര്‍ ഡോക്ടര്‍മാരാണ് ബംഗാളില്‍ സമരം നടത്തുന്നത്. തിങ്കളാഴ്ച ഇന്ത്യ മുഴുവനുമുള്ള ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനമെടുത്തിരിക്കെ അനുരഞ്ജന ചര്‍ച്ചയ്ക്ക് മമതാ ബാനര്‍ജി ഒരുങ്ങൂകയാണെന്നാണ് സൂചന. സമരം തുടങ്ങി ആറു ദിവസമായിട്ടും പ്രശ്നപരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അക്രമികള്‍ക്കെതിരെ നടപടി എടുക്കുന്നതിനു പകരം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് മമതാ ബാനര്‍ജി ചെയ്തതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

Top