പട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ലഖ്‌നൗ: ഉടമസ്ഥ തര്‍ക്കം പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്ന് പൊലീസ് പട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഒരു പട്ടിയുടെ മേല്‍ അവകാശ വാദം ഉന്നയിച്ച് രണ്ട് വ്യക്തികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് ഈ മിണ്ടാപ്രാണി അകത്തായത്. പട്ടി ഇപ്പോള്‍ ലഖ്‌നൗ സിവില്‍ ലൈനിലെ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദീപാവലി നാളിലാണ് അരുണ്‍ എന്ന വ്യക്തി ലാബ്രഡര്‍ ഇനത്തില്‍ പെട്ട ഒരു പട്ടിയെ വാങ്ങിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കകം ഈ പട്ടിയെ ഇദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സമീപത്തുള്ള വീട്ടില്‍ വെച്ച് ഇതിന് സമാനമായ പട്ടിയെ കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രശ്‌നം വഷളായി രൂക്ഷമായ വാക്കേറ്റത്തിലേക്കും കയ്യാങ്കളിലേക്കും നീങ്ങിയതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു.പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടും രണ്ട് പേരും പട്ടിയെ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. ഇതോട് കൂടിയാണ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

Top