ഡിജെ പാര്‍ട്ടികകള്‍ക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചു; മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട. മൂന്ന് ലക്ഷം രൂപ വിലവരുന്ന മാരകമായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനം കേന്ദ്രീകരിച്ച് ഏറെനാളായി ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന മൂന്നുയുവാക്കളാണ് നൂറിലേറെ ലഹരി സ്റ്റിക്കറുകളുമായി പിടിയിലായത്. തിരുവനന്തപുരം നഗരത്തില്‍ ഡി.ജെ പാര്‍ട്ടി സംഘം ഇത്തരം മാരക ലഹരി വസ്തുക്കളുമായി ഇതാദ്യമായാണ് പിടിയിലാകുന്നത്. പിടിയിലായ സംഘത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി വൈശാഖ് (25), ആര്യനാട് സ്വദേശി അക്ഷയ് (26), കടയ്ക്കാവൂര്‍ സ്വദേശി വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കും പിടിച്ചെടുത്തു. കടയ്ക്കാവൂര്‍ സ്വദേശി വൈശാഖിന്റെ പക്കല്‍ നിന്ന് അമ്പത് സ്റ്റിക്കറും, ആക്ഷയുടെ പക്കല്‍ നിന്ന് നാല്പത്തിയഞ്ചും ഋഷിമംഗലം സ്വദേശി വൈശാഖിന്റെ പക്കല്‍ നിന്ന് അഞ്ചും സ്റ്റിക്കറാണ് പിടിച്ചെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ബൈജു, കണ്‍ട്രോള്‍റൂം അസി.കമ്മിഷണര്‍ സുരേഷ് കുമാര്‍, നര്‍ക്കോട്ടിക് സെല്‍ അസി.കമ്മിഷണര്‍ ദത്തന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. ഫേസ് ബുക്ക് , വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രത്യേക സൈറ്റുകള്‍ വഴിയും ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി തെന്‍മല, പാലോട്, പൊന്‍മുടി തുടങ്ങിയ മലയോരപ്രദേശത്തെ വിജനമായ സ്ഥലങ്ങളിലെത്തിച്ച് ആഘോഷങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തിരുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് സൂചന.

ലഹരി സ്റ്റാമ്പുകളുടെ ഇനത്തില്‍പെട്ടതും ചെറിയ സൈസിലുള്ളതുമായ 100 സ്റ്റിക്കറുകളാണ് ഇപ്പോള്‍ പിടിച്ചത്. ഒരെണ്ണത്തിന് 1500 രൂപ വിലവരുന്ന സ്റ്റിക്കറുകള്‍ ഡിമാന്റനുസരിച്ച് ഇരട്ടിയിലേറെ വിലയ്ക്ക് വരെ പാര്‍ട്ടികളില്‍ വിറ്റഴിക്കാറുണ്ടെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. വിപണിയില്‍ ഇവയ്ക്ക് പരമാവധി രണ്ടുലക്ഷം രൂപയേ വിലയുള്ളുവെങ്കിലും പാര്‍ട്ടികളില്‍ ആവശ്യക്കാരേറുമ്പോള്‍ മോഹവിലയ്ക്കാണ് ഇത് വിറ്റുപോകുന്നത്. അത്തരത്തില്‍ കണക്കാക്കുമ്പോള്‍ ഇതിന് മൂന്നുലക്ഷം രൂപവരെ ലഭിക്കുമെന്നാണ് പൊലീസ് സംഘത്തോട് ഇവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇവര്‍ സ്റ്റിക്കറുകള്‍ എത്തിക്കുന്നതെന്നാണ് വിവരം.

യുവതലമുറയ്ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ലഹരികളിലൊന്നാണ് എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരി അറിയപ്പെടുന്ന (ലൈസര്‍ജിക് ആസിഡ് ഡിത്തലാമിഡ്). ഗോവ, തിരുവനന്തപുരം,മുംബയ്, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ പാര്‍ട്ടി നൈറ്റുകളെ സജീവമാക്കുന്നത് ഇപ്പോള്‍ ഈ ലഹരി പേപ്പര്‍ സ്റ്റിക്കറുകളാണ്. ഹോട്ടലുകളിലെ നിശാനൃത്ത വേദികളിലും ഡി.ജെ സംഗീത പരിപാടികളിലുമാണ് പ്രധാനമായും ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. വന്‍കിട പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ അടക്കമുള്ളവരിലും ഇത്തരം ലഹരി ഉപയോഗം ശീലമാണ്. ലൈസര്‍ജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കുമരുന്നുകളുടെ ചേരുവയായ എല്‍.എസ്.ഡി. പേപ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ ചെറിയ സ്റ്റാമ്പ് മാതൃകയിലുള്ള മയക്കു മരുന്നാണിത്.

എല്‍.എസ്.ഡി സ്റ്റാമ്പിന് പുറത്തെ കവര്‍ നീക്കി നാക്കിനടിയില്‍ ഒട്ടിച്ചുവയ്ക്കും. ഒരെണ്ണം ഉപയോഗിച്ചാല്‍ എട്ട് മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരും. വളരെ വേഗം അഡിക്ഷന്‍ ഉണ്ടാകുന്നു എന്നത് ഈ ലഹരി സ്റ്റിക്കറിന്റെ വിപണി വളരെ വേഗം വളരാന്‍ കാരണമായി. ഡിജെ പാര്‍ട്ടിയും നിശാനൃത്തങ്ങളും വ്യാപകമായ കൊച്ചിയില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് ലഹരിസ്റ്റിക്കറുകള്‍ വ്യാപകമായി ഉപയോഗിക്കുകയും പലരും പിടിയിലാകുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും തലസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഘം പിടിക്കപ്പെടുന്നത്. വിദേശടൂറിസ്റ്റുകളുള്‍പ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന തലസ്ഥാന നഗരിയില്‍ കോവളവും വര്‍ക്കലയുമുള്‍പ്പെടെ ബീച്ചുകളും ടൂറിസം സ്ഥലങ്ങളും കേന്ദ്രീകരിച്ച് ഇത്തരം പാര്‍ട്ടികള്‍ക്ക് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നോയെന്നുള്ളതും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും ടെക്കികളുമുള്‍പ്പെടെയുള്ളവര്‍ എല്‍.എസ്.ഡി സ്റ്റിക്കറുകളുടെ ആവശ്യക്കാരായി ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top