കൊച്ചി: സ്വർണ്ണക്കടത്ത് കേസ് വീണ്ടും സജീവമാവുകയാണ് .വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ അറസ്റ്റു ചെയ്തും, സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി അടുപ്പമുള്ള പൊന്നാനി സ്വദേശികളായ രണ്ടു ബിസിനസുകാരെ ചോദ്യം ചെയ്തുമുള്ള കസ്റ്റംസ് നീക്കം പുതിയ വിവാദം ഉണ്ടായിരിക്കുന്നു.ഡോളർ കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. മസ്‌കറ്റിൽ വ്യവസായിയായ ലഫീർ മുഹമ്മദ്, നാസ് അബ്ദുള്ള എന്നിവരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നാസ് രണ്ടു വർഷം മുമ്പ് ഗൾഫിൽ നിന്നെത്തി നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഇന്നലെ രാവിലെ 10ന് നാസ് അബ്ദുള്ളയെയാണ് ആദ്യം ചോദ്യംചെയ്തത്. ഉച്ചയ്ക്ക് 12 ഓടെ ലഫീർ മുഹമ്മദിനെയും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന ശിവശങ്കറിനെ ഡോളർ കടത്തു കേസിൽ അറസ്റ്റു ചെയ്യാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതി ഇന്നലെ രാവിലെ കസ്റ്റംസിന് അനുമതി നൽകിയിരുന്നു. വൈകിട്ട് അഞ്ചോടെ ജയിലിലെത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് രേഖപ്പെടുത്തി. കോടതി നിർദേശപ്രകാരം ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്. ഇക്കാര്യം കോടതിയെ അറിയിച്ചശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയേക്കും.
സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. ഡോളർ കടത്താൻ ശിവശങ്കർ സഹായിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.നാസ് സ്വന്തം പേരിലെടുത്ത മൊബൈൽ ഫോൺ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഉപയോഗിക്കാൻ നൽകിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സ്വർണക്കടത്ത് പിടികൂടിയ ശേഷം ഈ ഫോൺ സ്വിച്ച് ഓഫാണ്. ഫോൺ സ്പീക്കർ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങളാണ് നാസിൽ നിന്ന് ചോദിച്ചറിഞ്ഞത്.
മസ്‌കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജിന്റെ ഉടമയായ ലഫീർ മുഹമ്മദും നാസും ചേർന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ഓഫീസിലെ ഫിനാൻസ് വിഭാഗം തലവനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രി കടത്തിക്കൊണ്ടുപോയ ഡോളർ സ്വീകരിച്ചതെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്താനും ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്ന് രാഷ്ട്രീയ നേതാക്കളുൾപ്പെടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരം സ്ഥിരീകരിക്കാനുമാണ് ചോദ്യംചെയ്യൽ. മന്ത്രി കെ.ടി.ജലീലുമായും ലഫീറിന് അടുപ്പമുണ്ടെന്ന് കസ്റ്റംസ് പറയുന്നു.അതേസമയം ഒരു തെറ്റും താൻ ചെയ്തിട്ടില്ല,ഒരിഞ്ചും തല കുനിക്കില്ലെന്ന് മുട്ടുകാലിൽ ഉറച്ച് നട്ടെല്ല് നിവർത്തി നിന്ന് പറയാനാവും. ഒരു വഴിവിട്ട നീക്കവും ഒരു ശുപാർശയും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ കൈകൾ പരിശുദ്ധമാണ് എന്നും സ്പീക്കർ പറഞ്ഞു .