ഭുവനേശ്വര്‍: ബിജെപി നേതാക്കള്‍ നിശബ്ദതയുടെ കല പരിശീലിക്കണമെന്ന് നരേന്ദ്ര മോദി. അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്നും ബിജെപി നേതാക്കളോട് പ്രധാനമന്ത്രി. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ അമിതാഹ്ലാദം കാണിക്കാതെ കഠിനാധ്വാനം ചെയ്യണമെന്നും മോദി ഓര്‍മിപ്പിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
വികാരത്തിന്റെ മേല്‍ അനാവശ്യമായ ഒരു പ്രസ്താവന പോലും നടത്തരുത്. പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുമെന്ന് പാര്‍ട്ടി, ഒഡീഷയുടെ മണ്ണില്‍ നിന്നു കൊണ്ട് പ്രതിഞ്ജ എടുക്കണം. മികച്ച ഭരണവും അധികാരം സാധാരണക്കാരനില്‍ എത്തിക്കുക എന്നതാകണം മന്ത്രമെന്നും മോദി സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിപക്ഷത്തെ പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ തോറ്റതിന് മെഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളായിരുന്നു, ബിഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് അവാര്‍ഡ് വാപസി, ഇപ്പോഴിതാ അവര്‍ വോട്ടിങ് മെഷിനെയാണ് കുറ്റം പറയുന്നത് മോദി പരിഹസിച്ചു.
2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. അഴിമതി മുക്ത, ഭീകരവാദ മുക്ത, ദാരിദ്ര മുക്ത ഇന്ത്യ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. പുതിയ ഇന്ത്യക്കായി ജന്‍ ധന്‍, ജല്‍ ധന്‍, വന്‍ ധന്‍ എന്ന മുദ്രാവാക്യവും മോദി മുന്നോട്ടുവെച്ചു.