ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ഒമ്പതാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കത്തോടെ തുടക്കം. 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ്ങില്‍ ഇന്ത്യയുടെ പുരുഷ ടീമും വനിതാ ടീമും വെങ്കല മെഡല്‍ സ്വന്തമാക്കി. നാല് മിനിറ്റും 10 സെക്കന്റും 13മില്ലി സെക്കന്റും എടുത്താണ് പുരുഷടീമിന്റെ ഫിനിഷിങ്. ഘുമാന്‍ ആര്യന്‍പാല്‍ സിംഗ്, വി ആനന്ദ്കുമാര്‍, സിദ്ധാന്ത് രാഹുല്‍, ഇംഗേള്‍ വിക്രം രാജേന്ദ്ര എന്നിവരടങ്ങുന്നതാണ് പുരുഷ ടീം.
നാല് മിനിറ്റും 34 സെക്കന്റും 87 മില്ലി സെക്കന്റുമെടുത്താണ് വനിതാ ടീമിന്റെ വെങ്കല വിജയം. സഞ്ജന ബത്തുല, കാര്‍ത്തിക ജഗദീശ്വരന്‍, ഹീരല്‍ സാധു, ആരതി കസ്തൂരി രാജ് എന്നിവരാണ് വനിതാ ടീമില്‍ ഉണ്ടായിരുന്നത്. പുരുഷന്മാരുടെയും വനിതകളുടെയും 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ്ങില്‍ ചൈനീസ് തായ്‌പെ സ്വര്‍ണവും റിപ്പബ്ലിക്ക് ഓഫ് കൊറിയ വെള്ളി മെഡലും സ്വന്തമാക്കി.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.