കൊച്ചി: ശബരിമലയില്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് പോകാം. താത്പര്യമില്ലാത്തവര്‍ പോകണ്ട. പക്ഷെ കുഞ്ഞുമനസ്സില്‍ ആര്‍ത്തവം ആശുദ്ധിയാണെന്ന് കുത്തി നിറയ്ക്കുന്ന കാഴ്ചപ്പാടുകളോട് നാം വിമുഖത കാണിക്കണം. പെണ്കുട്ടികളെ മാനസികമായും അത്തരം സാമൂഹിക ചിന്തകള്‍ ബാധിക്കാം. ആര്‍ത്തവ സമയത്തു താന്‍ ഏതോ തൊട്ടു കൂടാന്‍ പാടില്ലാത്ത മനുഷ്യനാണ് എന്ന ചിന്ത ഇനി ഒരു പെണ്കുട്ടിയെയും തളര്‍ത്തരുത്. -ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഒരു പെണ്കുട്ടിക്ക് ആര്‍ത്തവം ഉണ്ടാകുമ്പോള്‍ മുതല്‍ അത് അശുദ്ധിയാണെന്ന ചിന്ത സമൂഹം അവളെ അടിച്ചേല്പിക്കുന്നത് തെറ്റാണെന്ന് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍. തന്റെ അനുഭവം തന്നെ വിവരിച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഒരു പെണ്കുട്ടിക്ക് ആര്‍ത്തവം ഉണ്ടാകുമ്പോള്‍ മുതല്‍ അത് അശുദ്ധിയാണെന്ന ചിന്ത സമൂഹം അവളെ അടിച്ചേല്പിക്കുന്നു.
എന്റെ അനുഭവം കുറിക്കട്ടെ :
ആദ്യമായി ആര്‍ത്തവമുണ്ടായത്തിന് ശേഷം ഒരു ശനിയാഴ്ച്ച രാവിലെ കിടക്കയില്‍ നിന്ന് എഴുനേറ്റ് ചെന്നപ്പോള്‍ അമ്മ കുളിച്ചു അമ്പലത്തില്‍ പോകുവാന്‍ തയ്യാറാവുകയായിരുന്നു.
ഞാന്‍ അമ്മയുടെ പുതിയ സാരിയില്‍ തൊട്ടു നോക്കി. ഉടനെ അമ്മ എന്നെ ശകാരിച്ചു : ‘ മാറി നില്‍ക്ക്, തൊടരുത്’
ഞാനാകെ വിഷമിച്ചു. 11 വയസുള്ള പെണ്കുട്ടിക്ക് ഒന്നും മനസ്സിലായില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞു.
അപ്പോള്‍ അമ്മയ്ക്കും സങ്കടമായി. ‘ മോളെ, ആര്‍ത്തവമുള്ളപ്പോള്‍ അമ്പലത്തില്‍ സ്ത്രീകള്‍ പോകില്ല. മാത്രമല്ല അമ്പലത്തില്‍ പോകുന്നവരെ അവര്‍ തൊടാനും പാടില്ല.
എനിക്ക് കുറെ ചോദ്യങ്ങള്‍ മനസ്സില്‍ വന്നു. ആര്‍ത്തവമെന്നത് അശുദ്ധി കല്‍പ്പിക്കുന്ന എന്തോ ആണെന്ന് അന്ന് ഞാന്‍ കരുതി.
ഈ അനുഭവം ഒരിക്കല്‍ മാത്രമല്ല. അമ്പലത്തില്‍ വീട്ടിലുള്ളവര്‍ പോകുമ്പോളൊക്കെ പലപ്പോഴായി കേട്ടിട്ടുണ്ട്. ‘കട്ടിലില്‍ ഇരിക്കരുത്, അവിടെ തൊടരുത്, ഇവിടെ തൊടരുത്..മാറി നില്‍ക്ക്’???? തുടങ്ങിയ വാക്കുകള്‍ ഒന്നും മനസിലായില്ലെങ്കില്‍ ‘അമ്മയും സമൂഹവും പറയുന്നത് 11 വയസ്സുകാരി പാടെ വിശ്വസിച്ചു.
‘വിളക്ക് കത്തിക്കുന്നിടത് പോകരുത്’, ‘മാറി നിന്ന് പ്രാര്‍ത്ഥിക്കണം’, ‘എല്ലായിടത്തും തൊടരുത്’, തുടങ്ങിയ വാക്കുകള്‍ ആര്‍ത്തവസമയത് അവളുടെ കാതുകളില്‍ മുഴങ്ങി കേള്‍ക്കും.
ഇത് എന്റെ മാത്രം അനുഭവമാകില്ല. പല പെണ്കുട്ടികളും ഇപ്പോഴും ഇത് അനുഭവിക്കുന്നുണ്ട്.
ചിലയിടത്ത് കിടക്കുന്ന മുറിയില്‍ പോലും കിടത്തില്ല. ഇപ്പോഴും മാസമുറയുടെ സമയത്തു വേറെ കട്ടിലില്‍ (ബെഡ് ഇല്ലാതെ) കിടക്കുന്നവര്‍ ഉണ്ട്. 21 നൂറ്റാണ്ടിലും ഇതൊക്കെ ചെയ്തു വരുന്നവര്‍ ഉണ്ട്.
ആര്‍ത്തവസമയത് ഭര്‍ത്താവിന്റെ കൂടെ കിടക്ക പങ്കിടാത്ത സ്ത്രീകളുമുണ്ട്.
ശബരിമലയില്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് പോകാം. താത്പര്യമില്ലാത്തവര്‍ പോകണ്ട.
പക്ഷെ കുഞ്ഞുമനസ്സില്‍ ആര്‍ത്തവം ആശുദ്ധിയാണെന്ന് കുത്തി നിറയ്ക്കുന്ന കാഴ്ചപ്പാടുകളോട് നാം വിമുഖത കാണിക്കണം.
പെണ്കുട്ടികളെ മാനസികമായും അത്തരം സാമൂഹിക ചിന്തകള്‍ ബാധിക്കാം. ആര്‍ത്തവ സമയത്തു താന്‍ ഏതോ തൊട്ടു കൂടാന്‍ പാടില്ലാത്ത മനുഷ്യനാണ് എന്ന ചിന്ത ഇനി ഒരു പെണ്കുട്ടിയെയും തളര്‍ത്തരുത് എന്നു മാത്രം പറയുന്നു.