ദുബൈ: അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. യുഎഇ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. യുവതിയുമായി യുവാവ് കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച പെണ്‍കുട്ടി പെട്ടെന്ന് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കോമറോസ് ഐലന്റ് സ്വദേശിയായ 35 വയസ്സുകാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മരണശേഷം മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയയ്തത്.
പെണ്‍കുട്ടി മരണപ്പെടുന്നതിന് മുമ്പ് അവസാനം യാത്ര ചെയ്തത് ഇയാളോടൊപ്പമാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കാറില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച കാര്യം വ്യക്തമായത്. കൂടിയ തോതില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചുവെന്നും മൃതദേഹം അജ്മാനില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അജ്മാനില്‍ എത്തുകയും ഒരു ഇലക്ട്രിക് മുറിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ സംഭവം ഇപ്പോഴാണ് കോടതിയുടെ പരിഗണനയില്‍ എത്തിയത്.
പെണ്‍സുഹൃത്തിനൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇത് വിതരണം ചെയ്തതിനുമാണ് 35 വയസ്സുകാരനെതിരെ കുറ്റം ചുമത്തിയത്. എന്നാല്‍, ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. താന്‍ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയിട്ടില്ലെന്നും അവള്‍ കൊണ്ടുവന്ന മരുന്ന് ഉപയോഗിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. അജ്മാനില്‍ വാഹനത്തില്‍ കൊണ്ടുവിട്ടത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് ഒന്നിന് പരിഗണിക്കും.