ലോകത്തെ ആദ്യ റോബോട്ട് എഞ്ചിനീയറിനെ വികസിപ്പിച്ച് ദുബൈ

ദുബൈ: ലോകത്താദ്യമായി റോബോട്ട് എഞ്ചിനീയറിനെ വികസിപ്പിച്ച് ദുബൈ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്മാര്‍ട്ട് വിപ്ലവത്തിന് തുടക്കം കുറിച്ച ദുബൈ റോബോട്ടിന്റെ പേറ്റന്റും ഉടന്‍ കരസ്ഥമാക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന ചുമതലകള്‍ അനായാസം നിര്‍വഹിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ സൂപ്പര്‍ സ്മാര്‍ട് എഞ്ചിനീയര്‍. കൃത്യസമയങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും ജോലികള്‍ ഏറ്റെടുക്കാനും റോബോട്ടിന് കഴിയുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു. പുതിയ ആശയങ്ങളിലൂടെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വികസന പ്രക്രിയയ്ക്കു വേഗം കൂട്ടും. പുതിയ ലോകത്തിനായി ജനങ്ങളെ സജ്ജരാക്കും. ഇതില്‍ ഓരോ വ്യക്തിക്കും പങ്കുവഹിക്കാനാകും. യുഎഇ ശതവല്‍സര പദ്ധതി മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യ മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയാണ്. സമയബന്ധിതമായി ഇവയെല്ലാം പൂര്‍ത്തിയാക്കാന്‍ ബൗദ്ധികമായും വൈജ്ഞാനികമായും മുന്നേറണമെന്നും ചൂണ്ടിക്കാട്ടി. ഇത് കൂടാതെ വീടുകളും വലിയ കെട്ടിടങ്ങളുമൊക്കെ വൃത്തിയാക്കാന്‍ വൈകാതെ റോബട്ടുകള്‍ രംഗത്തിറങ്ങുമെന്നാണ് ദുബൈയുടെ അറിയിപ്പ്. സാധാരണയിലും പത്തിരട്ടി വേഗത്തില്‍ ഇവ ജോലി പൂര്‍ത്തിയാക്കും. സ്വദേശിയായ അഹമ്മദ് അലി അല്‍ ഷേഹി വികസിപ്പിച്ച ഈ റോബോട്ട് പേറ്റന്റ് നേടിക്കഴിഞ്ഞു. ഈ ഗണത്തില്‍ ലോകത്തുള്ള എല്ലാ റോബോട്ടുകളെയും തോല്‍പ്പിക്കാന്‍ കഴിയുന്നതാണിത്. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. മണിക്കൂറില്‍ 300 ചതുരശ്ര മീറ്റര്‍ സ്ഥലം ഈ റോബോട്ടിനു വൃത്തിയാക്കാനാകും. കൂടുതല്‍ സുരക്ഷിതമാണെന്നു മാത്രമല്ല, വൃത്തിയാക്കാന്‍ ആവശ്യമായ വെള്ളവും കുറച്ചു മതിയാകും. യന്ത്രസഹായത്തോടെ മനുഷ്യര്‍ ഇതു നിര്‍വഹിക്കുകയാണെങ്കില്‍ 30 മുതല്‍ 40 വരെ ചതുരശ്ര മീറ്റര്‍ സ്ഥലമേ വൃത്തിയാക്കാന്‍ കഴിയൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള ഭാവി മുന്നില്‍ക്കണ്ട് വിദ്യാഭ്യാസ രീതിയില്‍ യുഎഇ സമഗ്രമാറ്റം വരുത്തുകയാണ്. പരമ്പരാഗത വിദ്യാഭ്യാസം അപ്രസക്തമാകുന്ന സാഹചര്യമാണെന്നു വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആദ്യ ആറു വര്‍ഷങ്ങള്‍ വളരെ പ്രധാനമാണെന്നിരിക്കെ നഴ്‌സറികളിലടക്കം സമഗ്രമാറ്റം അനിവാര്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കു മാറുന്നതോടെ നിലവിലുള്ള 20 ലക്ഷം തൊഴിലുകള്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച ആസൂത്രണത്തില്‍ ലോകത്തിന്റെ നേതൃനിരയിലാണു യുഎഇ. 2030ല്‍ ഈ രംഗത്ത് ഒന്നാം സ്ഥാനം കൈവരിക്കുകയാണു ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തലച്ചോറും മനസ്സുമാണെങ്കില്‍ റോബോട്ടുകളാണു ശരീരം. സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഗുണമേന്‍മ വര്‍ധിപ്പിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു കഴിയും. ഉല്‍പാദനം, ഭരണനിര്‍വഹണം ഉള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ മാറ്റം കൊണ്ടുവരും. എണ്ണ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍നിന്നു മാറ്റം അനിവാര്യമായതിനാല്‍ സാങ്കേതിക മുന്നേറ്റം അനിവാര്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോക്താക്കള്‍ ആകുന്നതിനു പകരം നിര്‍മാതാക്കളാകാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കും. ഓരോ രംഗത്തും കൂടുതല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കും. രോഗങ്ങള്‍ 90% കൃത്യതയോടെ കണ്ടെത്താനാകുന്ന സ്മാര്‍ട് റോബോട്ടുകള്‍ നിലവില്‍വരും. ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറെക്കാള്‍ മെച്ചമായ രീതിയില്‍ രോഗനിര്‍ണയം നടത്താന്‍ വഴിയൊരുങ്ങുകയും ചെയ്യും.

Top