സൗദിക്ക് പിന്നാലെ ശക്തമായ സ്വദേശിവത്കരണ നടപടികളുമായി യുഎഇ; തൊഴില്‍ വിസ നൽകുന്നത് സ്വന്തം പൗരന്മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം 

ദുബായ്: ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. സൗദിക്ക് പിന്നാലെ യു.എ.ഇ.യിലും ശക്തമായ നിലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുകയാണ് അധികാരികള്‍. ഇതിനായി കൂടുതല്‍ നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് ഭരണകൂടം. യു.എ.ഇ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ ഇനി വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കൂ.

വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍വിസ അനുവദിക്കണമെങ്കില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. പൊതു, സ്വകാര്യ മേഖലകളില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് മുമ്പ് ഇതേ ജോലിക്ക് അനുയോജ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു തൊഴിലവസരമുണ്ടായാല്‍ യു.എ.ഇ പൗരനായ അപേക്ഷകന് പ്രഥമ പരിഗണന കൊടുക്കണമെന്നും ആവശ്യമുയര്‍ന്നു.

എമിറാത്തി യുവാക്കള്‍ രാജ്യത്ത് തൊഴില്‍ അന്വേഷിച്ച് അലയുന്നത് നല്ല പ്രവണതയല്ലെന്നും കൗണ്‍സില്‍ അംഗമായ ഹമദ് അല്‍ റഹൂമി പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ യു.എ.ഇ പൗരന്മാര്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താന്‍ ഡാറ്റാബേസ് രൂപീകരിക്കണം. ഒരു വിദേശിക്ക് ജോലി നല്‍കുന്നതിന് മുമ്പ് സമാന യോഗ്യതയുള്ള യു.എ.ഇ പൗരന്മാര്‍ ഈ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ റഹൂമി ആവശ്യപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുഭാവ പൂര്‍വമായ നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രി മറുപടി നല്‍കി. യു.എ.ഇ പൗരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. നാഷണല്‍ റിക്രൂട്ടിംഗ് പ്രോഗ്രാം ഇതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top