ആയിരം കോടിയുടെ വായ്പാതട്ടിപ്പ്‌:367 കോടിയുടെ രണ്ട്‌ ചെക്കു തട്ടിപ്പ്- അറ്റലസ് രാമചന്ദ്രന്‍ ജയിലില്‍ തന്നെ

ദുബായ്‌: യുഎഇയിലെ ബാങ്കുകളില്‍ നിന്നും ആയിരം കോടി തട്ടിയ കേസില്‍ രണ്ടു മാസം മുമ്പ്‌ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അറ്റ്ലലസ് ജൂവലറി ശൃംഖലയുടെ ഉടമ എം എം രാമചന്ദ്രന്റെ ജാമ്യാപേക്ഷ ദുബായ്‌ കോടതി ഇന്നലെ നാലാം തവണയും തളളി.
ബാങ്ക്‌ വായ്പാ തട്ടിപ്പിനു പുറമെ 547.2 കോടി രൂപയുടെ രണ്ട്‌ ചെക്കു കേസുകളിലും പ്രതിയായതിനാലാണ്‌ അറ്റ്ലസ്‌ രാമചന്ദ്രന്റെ തടങ്കല്‍ കാലാവധി വീണ്ടും നീട്ടിക്കൊണ്ട്‌ ദുബായ്‌ കോടതി ജഡ്ജി അഹമ്മദ്‌ ഷിഹാ വിധി പ്രസ്താവിച്ചത്‌. കേസ്‌ ഇനി അടുത്ത മാസം 12 ന് പരിഗണിക്കും. വണ്ടിച്ചെക്ക്‌ കേസുകളില്‍ ബാങ്കുമായി ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന്‌ കോടതിയില്‍ ബോധിപ്പിച്ച ശേഷമാണ്‌ കഴിഞ്ഞ മൂന്ന്‌ തവണയും അറ്റ്ലസ്‌ രാമചന്ദ്രന്‍ ജാമ്യത്തിന്‌ ശ്രമിച്ചത്‌. എന്നാല്‍ ഇന്നലെ നാലാം തവണ ജാമ്യം നിഷേധിക്കുന്നതുവരെയും ബാങ്കില്‍ പണം തിരിച്ചടച്ച്‌ ചെക്കുകേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന്‌ കോടതി കണ്ടെത്തി.atlas ramachandran

വിവിധ ബാങ്കുകളില്‍ നിന്നും ആയിരംകോടി രൂപയുടെ വായ്പയെടുത്ത്‌ ഇന്ത്യയിലേയ്ക്ക്‌ കടത്തി അറ്റ്ലസ്‌ ഗോള്‍ഡ്‌ ഇന്ത്യ എന്ന പുതിയൊരു സ്വര്‍ണ സാമ്രാജ്യം സൃഷ്ടിച്ചുവെന്ന്‌ ദുബായ്‌ പൊലീസിനും വായ്പ നല്‍കിയ ബാങ്കുകള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്‌. കേരളത്തിലെ വിവിധ നഗരങ്ങളിലും ബംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും അറ്റ്ലസ്‌ രാമചന്ദ്രന്‍ കോടികള്‍ മുടക്കി കണ്ണായ നഗരഭൂമികളും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും തെളിവുകള്‍ കിട്ടി.
ദുബായിയിലെ രണ്ട്‌ ബാങ്കുകള്‍ക്ക്‌ അറ്റ്ലസ്‌ നല്‍കിയ 7.2 കോടി രൂപയുടെയും 540 കോടിയുടെയും രണ്ട്‌ വണ്ടിച്ചെക്കുകളാണ്‌ മടങ്ങിയത്‌. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ 73 കാരനായ രാമചന്ദ്രന്‍ താന്‍ വണ്ടിച്ചെക്കുകള്‍ നല്‍കിയതായി സമ്മതിച്ചു. പണം തിരിച്ചടയ്ക്കാന്‍ ഒരു തവണ കൂടി സാവകാശം കൂടി വേണമെന്ന അറ്റ്ലസ്‌ രാമചന്ദ്രന്റെ അപേക്ഷ കോടതി തളളി. മറവി രോഗത്തിന്റെ പിടിയിലാണ്‌ ഈ ജൂവലറി കോര്‍പ്പറേറ്റ്‌ എന്ന വാര്‍ത്തകള്‍ നിഷേധിക്കുന്ന വിധത്തില്‍ തികച്ചും ഊര്‍ജസ്വലനായി കാണപ്പെട്ട രാമചന്ദ്രന്‍ ജഡ്ജിയുടെ രൂക്ഷമായ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ നിശബ്ദനായി നിന്നു. സെപ്റ്റംബര്‍ 29നുശേഷം മൂന്നു തവണയാണ്‌ ബാങ്കുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന്‌ കോടതിയും ഉറപ്പ്‌ നല്‍കിയതെന്ന്‌ ജഡ്ജി ഷിഹ ഓര്‍മിപ്പിച്ചു. എന്തുകൊണ്ടാണ്‌ കോടതിക്ക്‌ നല്‍കിയ ഉറപ്പ്‌ ലംഘിച്ചതെന്ന്‌ ആരാഞ്ഞുകൊണ്ടാണ്‌ അറ്റ്ലസ്‌ രാമചന്ദ്രനെ ജയിലില്‍ തുടരാന്‍ കോടതി വിധിച്ചത്‌.
യുഎഇയിലെ ക്രിമിനല്‍ നടപടി നിയമവും ശിക്ഷാ നിയമവും പ്രകാരം വണ്ടിച്ചെക്ക്‌ കേസുകളില്‍ ബാങ്കുകള്‍ക്ക്‌ പണം തിരിച്ചുനല്‍കി കേസ്‌ തീര്‍പ്പാക്കാന്‍ വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഈ വ്യവസ്ഥയുടെ ലംഘനമാണ്‌ അറ്റ്ലസ്‌ നടത്തിയതെന്നും കോടതിക്ക്‌ ബോധ്യമായി. നിയമലംഘനമുണ്ടായെന്ന കാര്യം കോടതിമുമ്പാകെ സമ്മതിച്ച രാമചന്ദ്രന്റെ അഭിഭാഷകന്‍ ഒരവസരംകൂടി നല്‍കണമെന്ന്‌ അപേക്ഷിച്ചെങ്കിലും ജാമ്യം നല്‍കാന്‍ തയാറാകാത്ത കോടതി പ്രതിയെ ജയിലിലേയ്ക്ക്‌ തിരിച്ചയയ്ക്കുകയായിരുന്നു. ജയിലില്‍ വാര്‍ഡര്‍മാരുടെ വലയത്തിനുളളില്‍ ജയിലിലേയ്ക്ക്‌ മടങ്ങിയ അറ്റ്ലസ്‌ രാമചന്ദ്രനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതി മുറിക്ക്‌ പുറത്തുണ്ടായിരുന്ന മാധ്യമ പടയോട്‌ സംസാരിക്കാന്‍ തയാറായില്ല. ചെക്ക്‌ കേസുകളില്‍ തീര്‍പ്പുണ്ടായാലും ആയിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ്‌ കേസുകള്‍ തുടരുന്നതിനാല്‍ അറ്റ്ലസ്‌ രാമചന്ദ്രന്‍ അടുത്തെങ്ങും പുറത്തിറങ്ങാനുള്ള സാധ്യത വിദൂരമാണെന്നാണ്‌ പ്രോസിക്യൂഷന്‍ വൃത്തങ്ങളുടെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top