സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ വീണ്ടും പരാതികള്‍ ഉയരുന്നു. 50 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ ഹരികുമാര്‍ 20 ലക്ഷം രൂപ മുക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതിന് ശേഷം പിടിച്ചെടുത്ത 50 ലക്ഷം രൂപയുടെ നോട്ടില്‍നിന്ന് കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
30 ലക്ഷം മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളു. ബാക്കി 20 ലക്ഷം എവിടെപ്പോയെന്നതിന് യാതൊരു വിവരവുമില്ല. നോട്ടുകള്‍ കാണാതായതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അതിനും തീരുമാനമായില്ല. 2017 മെയ് മാസത്തിലാണ് നോട്ടുകള്‍പിടിച്ചെടുത്തത്. നെയ്യാറ്റിന്‍കര താലൂക്കിലെ പാറ ക്വാറി മാഫിയയുടെ ഇഷ്ടക്കാരനാണ് ഹരികുമാറെന്ന ആരോപണവും ഉയരുന്നുണ്ട്.
ക്വാറി മാഫിയയെ കയ്യഴിഞ്ഞ് സഹായിച്ചതിന് പ്രത്യുപകാരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്. മുമ്പ് ജോലിചെയ്തിരുന്ന സ്‌റ്റേഷനുകളിലും ഹരികുമാറിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫോര്‍ട്ട് സിഐ ആയിരിക്കെ മറ്റൊരു കേസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അമ്പൂരില്‍ ഡിവൈഎഫ്‌ഐ-കോണ്‍ഗ്രസ് സംഘര്‍ത്തില്‍ അറസ്റ്റിലായ പ്രതികളെ വെറുതെവിട്ടത് ഇയാളുടെ ഒത്താളകൊണ്ടാണെന്നും ആരോപണമുണ്ട്. മുന്‍പ് കസ്റ്റഡിയിലായിരുന്ന കള്ളനെ വിട്ടയക്കാന്‍ അയാളുടെ ഭാര്യയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലടക്കം അച്ചടക്ക നടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനുമാണ് ഹരികുമാര്‍. നാലു മാസം മുന്‍പ് മറ്റൊരു കേസില്‍ ഇദ്ദേഹം ഉള്‍പ്പെടെ മൂന്നു ഡിവൈഎസ്പിമാരെ ഉടന്‍ ഉടന്‍ സ്ഥലംമാറ്റി അന്വേഷണം നടത്താനുള്ള റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ ശുപാര്‍ശയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.