തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ അധിപന്‍ താനാണ്. അഡീഷണല്‍ എ.ജി രഞ്ജിത്ത് തമ്പാന്‍ തന്നെ കേസ് വാദിക്കണമെന്ന നിലപാടാണ് തനിക്കുള്ളത് . എ.ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത് .തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്ത കത്തിന് എ.ജി. മറുപടി നല്‍കിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് എ.ജി ആലോചിക്കണം. ഈ നിലപാടിന് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയില്‍ എന്ത് നിലപാടെടുക്കണം എന്നത് എ.ജിയുടെ അധികാരമായിരിക്കാം. എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട്, വകുപ്പാണ് തീരുമാനിക്കുന്നത്.
കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദേശം നേരത്തെ എ.ജി തള്ളിയിരുന്നു. കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി ഹാജരാകുമെന്നും കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.ജി വ്യക്തമാക്കിയിരുന്നു. എജിയുടെ നിലപാടില്‍ റവന്യൂവകുപ്പിന് കടുത്ത അതൃപ്തിയാണ്.മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും. കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എ.ജിയുടെ വിവേചനാധികാരമാണ്. സംസ്ഥാതാല്‍പര്യം സംരക്ഷിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് എ.ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. സിപിഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍നിന്ന് മാറ്റിയത്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ എ.എ.ജി.യാണ് ഹാജരാകാറുള്ളത്. റവന്യൂവകുപ്പിനെ വിശ്വാസത്തിലെടുക്കാത്ത നടപടികള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതില്‍ സിപിഐ കടുത്ത പ്രതിഷേധത്തിലാണ്.തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ സിപിഐയും റവന്യൂ വകുപ്പും കര്‍ശനനിലപാടാണ് സ്വീകരിച്ചുവരുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടുപ്രകാരം കായലും പുറമ്പോക്കും കയ്യേറിയതിന് ക്രിമിനല്‍ കേസടക്കം എടുക്കാവുന്നതാണെന്ന കുറിപ്പ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഹരിത ട്രിബ്യൂണലിലെ മൂന്നാര്‍ കേസില്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കാന്‍ ശ്രമമുണ്ടായിരുന്നു. സിപ.ഐ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രമം ഉപേക്ഷിച്ചെങ്കിലും സിപിഐഎമ്മിന്റെ കര്‍ഷകസംഘടനയെ കക്ഷിചേര്‍ക്കുകയായിരുന്നു.കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് അറിയുന്നു.