കുട്ടനാട്ടിൽ സിപിഎം മത്സരിക്കാൻ സാധ്യത !

കോട്ടയം: മുൻമന്ത്രി തോമസ് ചാണ്ടി മരിച്ച ഒഴിവിൽ കുട്ടനാട്ടിൽ ഉടൻ വരുന്ന തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി മത്സരിക്കാൻ സാധ്യത .കുട്ടനാട് സീറ്റ് എൻ സി പിയുടേതാണ് .തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായത്തിലുറച്ചു തന്നെയാണ് എന്‍.സി.പി ഇപ്പോഴും നില്‍ക്കുന്നത്.ഇതു സംബന്ധിച്ച് ആദ്യം കുടുംബത്തിന്റെ അഭിപ്രായം ആരായുമെന്നും ജില്ലയുടെ പുറത്തുനിന്നു സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും എന്‍.സി.പി ജില്ലാ അധ്യക്ഷണ് പറഞ്ഞതായി റിപ്പോർട്ടുണ്ട് .സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ എല്‍.ഡി.എഫില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹതാപ തരംഗം സൃഷ്ടിച്ച് കുട്ടനാട് സീറ്റ് നിലനിര്‍ത്തണമെങ്കില്‍ എന്‍.സി.പിക്ക് തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാട് തന്നെയാണു ഭൂരിപക്ഷത്തിനും.എന്‍.സി.പി.ക്ക് ജയസാധ്യതയുളള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സി.പി.എം. സ്ഥാനാര്‍ഥി തന്നെ കുട്ടനാട്ടില്‍ മത്സരിക്കുംഎന്നാണു റിപ്പോർട്ടുകൾ .2006-ല്‍ ഡോ. കെ.സി. ജോസഫിനെ തോല്‍പ്പിച്ചാണ് തോമസ് ചാണ്ടി നിയമസഭയിലെത്തിയത്.

തോമസ് ചാണ്ടിയുടെ സഹോദരന്റെയോ മകളുടെയോ പേരാണു നേരത്തേ കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഭാര്യ മേഴ്‌സിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നുകഴിഞ്ഞതായി മീഡിയാ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുമെന്ന അഭ്യൂഹം തെറ്റാണെന്ന് സി.പി.ഐ.എം ജില്ലാ ഘടകം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാട് തന്നെയാണ് എന്‍.സി.പിക്കും.

അതേസമയം ഇടതുമുന്നണിക്കൊപ്പമുളള ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി കുട്ടനാട്ടില്‍ ഡോ. കെ.സി. ജോസഫിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ചര്‍ച്ച. ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ലയനത്തിനുളള സാധ്യതകള്‍ ആരാഞ്ഞുവെന്നാണ് സൂചന.

ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുഴുവനായോ ഒരു വിഭാഗത്തെയോ യു.ഡി.എഫിലെത്തിക്കുന്നതിനുളള നീക്കമാണ് ജോസഫ് വിഭാഗം ആരംഭിച്ചത്. മുമ്പ് മൂന്നു തവണ കുട്ടനാട് എം.എല്‍.എ. ആയിരുന്ന ഡോ. കെ.സി. ജോസഫിനു സീറ്റ് നല്‍കിയാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം യു.ഡി.എഫിലേക്കു വരുമെന്നാണു ജോസഫ് വിഭാഗം യു.ഡി.എഫ്. നേതാക്കളെ ധരിപ്പിച്ചിരിക്കുന്നത്.

ചങ്ങനാശേരി സീറ്റ് എന്‍.സി.പി.ക്കു നല്‍കി പകരം കുട്ടനാട് വാങ്ങാനുള്ള ശ്രമം ജനാധിപത്യ കേരള കോണ്‍ഗ്രസ് നടത്തിയിരുന്നു. നിലവില്‍ എം.എല്‍.എമാരില്ലാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന് കുട്ടനാട് വലിയ രാഷ്ട്രീയ സാധ്യതയുളള മണ്ഡലമാണ്. ഇടതുമുന്നണിയുടെ ഭാഗമായിനിന്നു വിജയിച്ചാല്‍ ഘടകകക്ഷി എന്ന നിലയില്‍ മന്ത്രി സ്ഥാനത്തിന് വരെ അര്‍ഹതയുണ്ട്. അതുകൊണ്ടു തന്നെ എന്‍.സി.പിയില്‍ നിന്നും കുട്ടനാട് സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്‍കുന്നതിനോട് സി.പി.എമ്മിന് വലിയ താല്‍പര്യമില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു മണ്ഡലങ്ങളിലും പരാജയപ്പെട്ട ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ ഊര്‍ജം പകരേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ഡോ. കെ.സി. ജോസഫിനെ യു.ഡി.എഫില്‍ എത്തിച്ച് മത്സരിപ്പിക്കാനുളള നീക്കത്തെ മാണിഗ്രൂപ്പിലെ ജോസ് കെ. മാണി വിഭാഗം അനുകൂലിക്കില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം)ന്റെ സീറ്റായ കുട്ടനാട്ടില്‍ സീറ്റിനെച്ചൊല്ലി ജോസഫ് വിഭാഗവും ജോസ് വിഭാഗവും തര്‍ക്കവുമായി രംഗത്തു വന്നിരുന്നു. കെ.എം. മാണി കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച കുട്ടനാട്ടില്‍ ഇത്തവണ ജോസ്. കെ. മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണു ജോസ് വിഭാഗം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെ വര്‍ക്കിങ് ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. കേരള കോണ്‍ഗ്രസ് തമ്മിലുളള തര്‍ക്കം തുടര്‍ന്നാല്‍ പാലാ ആവര്‍ത്തിക്കുമെന്ന ഭയം യു.ഡി.എഫ്. നേതൃത്വത്തിനുണ്ട്. ഇരു വിഭാഗവും തങ്ങളുടെ സ്ഥാനാര്‍ഥിയുമായി മുന്നോട്ടുവന്നാല്‍ ഒരു വിഭാഗത്തിന് പിന്തുണയുമായി ഇടതുമുന്നണി വരാനുളള സാധ്യതയും കോണ്‍ഗ്രസ് തളളിക്കളയുന്നില്ല.
അത്തരമൊരു സാഹചര്യം വന്നാല്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടാകാനുളള സാധ്യതയും വളരെയേറെയാണ്.

 

Top