കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിന് അന്വോഷണം നടക്കുന്നു .ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. ഈ മാസം 18ന് ഹൈക്കോടതിയിൽ റിപ്പോർട്ട് കൈമാറാനാണ് നീക്കം.
ഇതിന്റെ ഭാഗമായി ഹർജിക്കാരനിൽ നിന്ന് നാളെ വീണ്ടും മൊഴി രേഖപ്പെടുത്തും. കേസിലെ ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് കുമാറിനോടാണ് നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയത്. ഇബ്രാഹിംകുഞ്ഞിന്റെ ബിനാമി സ്വത്തിടപാട് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് മൊഴിയെടുക്കലെന്നാണ് വിവരം.
നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്ന സംഭവത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പ്രോസിക്യൂഷന് ഗവർണറുടെ അനുമതി ലഭിക്കാതിരുന്നത് എൻഫോഴ്‌സ്‌മെന്റിന് തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഗവർണർ അനുകൂല നിലപാടെടുത്തതോടെ തുടർനടപടിയുമായി എൻഫോഴ്‌സ്‌മെന്റ് മുന്നോട്ട് പോകുകയാണ്. കേസിൽ മതിയായ തെളിവുകൾ ലഭിച്ചാൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.