തിരുവനന്തപുരം : മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. 27 മണിക്കൂറോളം നീണ്ട തെരച്ചിലുകള്‍ക്ക് ശേഷമാണ് എന്‍ഫോഴസ്‌മെന്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും പോയത്.തെരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള മഹ്‌സറില്‍ ഒപ്പുവെയ്ക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. പിന്നീട് ഇവരുടെ അമ്മയുടെ മെബൈല്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് സംബന്ധിച്ച് മാത്രം ഇവര്‍ ഒപ്പിട്ടു നല്‍കി. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റും പോലീസിനെ അറിയിച്ചിട്ടുണ്ട്.
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് നാടകീയ രംഗങ്ങളോടെ അവസാനിച്ചു. പരിശോധന 24 മണിക്കൂര്‍ പിന്നിട്ടതോടെ പ്രതിഷേധവുമായി ബന്ധുക്കള്‍ എത്തിയതിനു പിന്നാലെ ബാലാവകാശ കമ്മീഷനും പോലീസും നടപടിയിലേക്ക് കടന്നു. 26 മണിക്കൂര്‍ പിന്നിട്ടതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇ.ഡി മടങ്ങി. മഹസറില്‍ ഒപ്പുവയ്ക്കാന്‍ വീട്ടുകാര്‍ തയ്യാറാകാതെ വന്നതോടെ ഇ.ഡിയിലെ ഒരു ഉദ്യോഗസ്ഥനും സി.ആര്‍.പി.എഫ് ഓഫീസറും സാക്ഷികളായി ഒപ്പുവച്ചു.
പരിശോധന നേരത്തെ പൂര്‍ത്തിയായെങ്കിലും മഹസറില്‍ ഒപ്പുവയ്ക്കാന്‍ സാക്ഷികളായ ഭാര്യയും ഭാര്യയുടെ അമ്മ മിനിയും തയ്യാറാകാത്തതാണ് മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിലേക്ക് മാറിയത്. കുഞ്ഞിനെ തടവില്‍ വച്ചിരിക്കുന്നുവെന്ന ബന്ധുക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് എത്തിയതോടെ വീട്ടുകാര്‍ പുറത്തേക്കു വന്നു. ഇ.ഡിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.
എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെതിര മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ഇഡിയുടെ പരിശോധനയ്‌ക്കെതിരെ സിജെഎം കോടതിയില്‍ ബന്ധുക്കള്‍ ഹര്‍ജി നല്‍കി.എന്നാല്‍ പ്രദേശത്ത് പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പോലീസ് തടഞ്ഞു. ബിനീഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. താമസ സ്ഥലത്ത് എത്തിയാല്‍ വിശദീകരണം നല്‍കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്.
ഇതുമായി ബന്ധപ്പെട്ട് എകെജി സെന്ററില്‍ അടിയന്തിരമായി അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം എംഎ ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ന് നടക്കേണ്ടിയിരുന്ന ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ മാദ്ധ്യമങ്ങളെ കാണുമെന്നാണ് സൂചന.