മലയാള സിനിമയിലെ പ്രഗത്ഭനായ എഡിറ്റര്‍ നിഷാദ് യൂസഫ്‌നെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയില്‍ എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പനമ്പിള്ളി നഗറില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു അദ്ദേഹം.
സമകാലിക മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്ര സംയോജകന്‍മാരില്‍ ഒരാള്‍ ആയിരുന്നു നിഷാദ് . നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സൗദി വെള്ളയ്ക്ക, ഉണ്ട പോലുള്ള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ എഡിറ്റിംഗ് നിര്‍വഹിച്ചതും അദ്ദേഹമാണ്.
മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച് തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നതിനിടെയാണ് ഫിലിം എഡിറ്റർ നിഷാദ് യൂസഫിന്റെ വിടവാങ്ങൽ.സൂര്യയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരിക്കുമെന്ന് സിനിമാ ലോകം പ്രവചിക്കുന്ന കങ്കുവയുടെ എഡിറ്ററായിരുന്നു നിഷാദ്.
രണ്ടു ദിവസം മുമ്പ് നടന്ന കങ്കുവയുടെ ഓഡിയോ ലോഞ്ചിനും നിഷാദ് പങ്കെടുത്തിരുന്നു. അന്ന് സൂര്യക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും നിഷാദ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. നിഷാദിന്റെ വിടവാങ്ങലിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.
കങ്കുവയിലൂടെ തന്റെ കരിയറിന്റെ ഉന്നതിയിലേക്ക് എത്തുന്നതിനിടയാണ് നിഷാദിന്റെ വിയോഗം. നിഷാദ് എഡിറ്റ് ചെയ്ത് വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. മമ്മൂട്ടി നായകനായെത്തുന്ന ബസൂക്ക, ഖാലിദ് റഹ്മാൻ സിനിമയായ ജിംഖാന, മോഹൻലാൽ നായകനായെത്തുന്ന തരുൺ മൂർത്തി ചിത്രത്തിന്റെയും എഡിറ്റർ നിഷാദായിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നിഷാദിനെ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയായ നിഷാദ് യൂസഫ് കൊച്ചിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.ചാവേർ, തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെയാണ് നിഷാദ് ശ്രദ്ധേയനായത്. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.