കയ്യടിക്കാം ഈ ജനകീയ സര്‍ക്കാരിന് !..9 ലക്ഷം വരെയുള്ള വിദ്യാഭ്യാസവായ്പകള്‍ തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായം

തിരുവനന്തപുരം:പഠിക്കാന്‍ വായ്പയെടുത്ത് കഷ്ടത്തിലായവരുടെ 9 ലക്ഷം രൂപാവരെയുള്ള വായ്പയുംകുടിശികയും സര്‍ക്കാര്‍ തിരിച്ചടയ്ക്കും . 2016 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ഈ ജനജ്കീയ തീരുമാനത്തിന് കേരളത്തില്‍ പൊതുജനം കയ്യടികൊടുക്കും .വര്‍ഷങ്ങളായി തിരിച്ചടക്കാനാവാതെ കിട്ടാക്കടമായി മാറി ജപ്തി നടപടിയില്‍ വരെയെത്തിയ വായ്പകളും പഠനം കഴിഞ്ഞ് നാലുവര്‍ഷം പിന്നിട്ട് തിരിച്ചടവ് തുടങ്ങിയ വായ്പകളുമായി രണ്ട് വിഭാഗങ്ങളിലായാണ് സഹായം ലഭിക്കുക. കിട്ടാക്കടങ്ങളില്‍ ജോലി ചെയ്യാനാവാത്ത, ശാരീരിക, മാനസിക അസുഖങ്ങള്‍ ബാധിച്ച വിദ്യാര്‍ത്ഥികളുടെ 9 ലക്ഷം രൂപവരെയുള്ള വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.

കിട്ടാക്കടമായി മാറിയിട്ടില്ലാത്ത വായ്പകള്‍ക്ക് 1-4-2016 മുതല്‍ തിരിച്ചടവ് തുടങ്ങിയിട്ടുണ്ടെങ്കില്‍ ആദ്യ വര്‍ഷത്തെ തിരിച്ചടവില്‍ 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാവര്‍ഷം 25 ശതമാനവും സര്‍ക്കാര്‍ സഹായം ലഭിക്കും.

കിട്ടാക്കടമായി മാറിയ വായ്പകളില്‍ 31-3-2016 ലെ കണക്കനുസരിച്ച് നിയമച്ചെലവ് ഉള്‍പ്പെടെ നാലുലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ബാങ്കുകള്‍ പലിശയൊഴിവാക്കി നല്‍കിയാല്‍ 60 ശതമാനം തുക സര്‍ക്കാര്‍ വഹിക്കും. ബാക്കി വിദ്യാര്‍ത്ഥി അടച്ച് വായ്പാ ബാദ്ധ്യത അവസാനിപ്പിക്കണം. അടച്ചിട്ടുള്ള തുക നാല്‍പത് ശതമാനത്തില്‍ താഴെയാണെങ്കില്‍ വിദ്യാര്‍ത്ഥിയുടെ വിഹിതത്തിലും അതില്‍ കൂടുതലുണ്ടെങ്കില്‍ സര്‍ക്കാര്‍ വിഹിതത്തിലും ഇളവ് ചെയ്യണം. ഇതുവരെ 90 ശതമാനം തുക അടച്ചിട്ടുണ്ടെങ്കില്‍ ശേഷിച്ച തുക സര്‍ക്കാരും വിദ്യാര്‍ത്ഥിയും തുല്യമായി വഹിക്കും. കിട്ടാക്കടമായി മാറിയ വായ്പ 4 നും 9 ലക്ഷത്തിനും ഇടയിലാണെങ്കില്‍ സര്‍ക്കാര്‍ 50 ശതമാനം വഹിക്കും. ഇത് പരമാവധി 2.40 ലക്ഷം രൂപയായിരിക്കും.EDUCATION GRAND
വാര്‍ഷിക കുടുംബ വരുമാനം ആറുലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അംഗീകൃത ബാങ്കുകളിലും സഹകരണബാങ്കുകളിലും നിന്നെടുത്ത വായ്പകള്‍ക്കും ഐ.ഐ.ടി.യും ഐ.ഐ.എമ്മും പോലെ ഉന്നത കോഴ്സുകള്‍ മുതല്‍ നഴ്സിംഗ് കോഴ്സ് വരെയുള്ള അംഗീകൃത കോഴ്സുകള്‍ പഠിക്കുന്ന, മാനേജ്മെന്റ് ക്വാട്ടയിലോ, എന്‍. ആര്‍.ഐ.ക്വാട്ടയിലോ പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതി പ്രകാരം തിരിച്ചടവ് സഹായത്തിന് അപേക്ഷിക്കാന്‍ കഴിയുക. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയാലും പദ്ധതിക്ക് അപേക്ഷിക്കാം.ജോലി ചെയ്യാനാവാത്ത അസുഖം ബാധിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 9 ലക്ഷം രൂപവരെ വരുമാനമുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കും.
അപേക്ഷിക്കേണ്ടതിങ്ങനെ:
വായ്പയെടുത്ത ബാങ്കുകളില്‍ നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം. ബാങ്കുകളാണ് സര്‍ക്കാരിലേക്ക് അപേക്ഷ അയയ്ക്കേണ്ടത്. അപേക്ഷ അംഗീകരിച്ചാല്‍ വിദ്യാര്‍ത്ഥിയെ രേഖാമൂലം വിവരം അറിയിക്കണം. നിശ്ചിത തുകയുടെ സഹായം മൂന്ന് മാസത്തിലൊരിക്കല്‍ ഒാണ്‍ലൈനായി ബാങ്ക് അക്കൗണ്ടിലെത്തും. വിദ്യാര്‍ത്ഥിയുടെ വിഹിതം മുന്‍കൂര്‍ അടയ്ക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പദ്ധതിയുടെ അര്‍ഹത തെളിയിക്കാനുള്ള രേഖകളും വരുമാന സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇതിനെല്ലാം നിശ്ചിത ഫോറങ്ങളുണ്ട്.

Top