ആലപ്പുഴ: എസ്ബിടി യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തവര്‍ ദുരിതത്തില്‍. സര്‍ക്കാര്‍ സഹായധനം ലഭിക്കാതെ ഇരുപതിനായിരത്തിലേറെ കുട്ടികള്‍ ത്രിശങ്കുവിലായി. എസ്.ബി.ടി.യുടെ കുടിശ്ശികയായ വിദ്യാഭ്യാസ വായ്പകള്‍ റിലയന്‍സ് അസെറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഇത്തരക്കാര്‍ക്ക് സഹായധനം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
2016 മാര്‍ച്ച് വരെ വിദ്യാഭ്യാസ വായ്പ കുടിശ്ശികയായവര്‍ക്കാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. 40 ശതമാനം വിദ്യാര്‍ഥികള്‍ അടയ്ക്കണം. 60 ശതമാനം സര്‍ക്കാര്‍ കൊടുക്കും. പലിശ അതത് ബാങ്കുകള്‍ കുറച്ചുകൊടുക്കും.
സര്‍ക്കാര്‍ പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 31 ആണ് അവസാന തീയതി. ഇതുവരെ 5,50,000 അപേക്ഷകള്‍ ലഭിച്ചു. മറ്റെല്ലാ ബാങ്കുകളും സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിച്ചാണ് പോകുന്നത്. പക്ഷേ, എസ്.ബി.ടിയില്‍നിന്ന് വായ്പയെടുത്തവര്‍ മാത്രം ത്രിശങ്കുവിലായി.
എസ്.ബി.ടിയില്‍നിന്ന് വായ്പയെടുത്തവരെത്തുമ്പോള്‍ അവിടെ രേഖകളില്ലെന്നും റിലയന്‍സുമായി ബന്ധപ്പെടണമെന്നുമുള്ള അറിയിപ്പാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. റിലയന്‍സില്‍നിന്ന് വായ്പ്പയെടുത്തിട്ടില്ലെന്ന നിലപാടിലാണ് ഇവര്‍.
മുംബൈ ചര്‍ച്ച് ഗേറ്റ് ട്രസ്റ്റ് ഓഫീസില്‍ നിന്നാണ് റിലയന്‍സിന്റെ കൊച്ചി ഓഫീസിലേക്ക് വായ്പയെടുത്തവരുടെ വിവരങ്ങള്‍ കൊടുത്തിട്ടുള്ളത്. പലരുടെയും വിവരങ്ങള്‍ ഇവിടെ ഇല്ല. മുംബൈയില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നുമില്ല.
എസ്.ബി.ടി വായ്പ പിരിക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് വായ്പയെടുത്ത വിദ്യാര്‍ഥികളുടെ കൂട്ടായ്മ പറയുന്നു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് എസ്.ബി.ഐ. അധികൃതരുടേത്. എസ്.ബി.ടിയെ ഏറ്റെടുക്കുമ്പോള്‍ മുതലുള്ള ബാധ്യതമാത്രമേ വഹിക്കേണ്ടതുള്ളൂവെന്ന് അവര്‍ പറയുന്നു. 2017 മാര്‍ച്ചിന് മുന്‍പുള്ള എസ്.ബി.ടി.യുടെ ഒരു രേഖയും എസ്.ബി.ഐ. സൂക്ഷിക്കുന്നില്ല. അതിനാല്‍ ഇക്കാര്യം ബാങ്കിനെ ബാധിക്കുന്നതേയല്ലെന്നും എസ്.ബി.ഐ. അധികൃതര്‍ വ്യക്തമാക്കുന്നു.