കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ചികിത്സയെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ബാംഗ്ലൂരിലെ പ്രമുഖ വ്യവസായി ബാലാജി വിശ്വനാഥ്. ഫേസ്ബുക്കിലൂടെയാണ് ബാലാജി തന്റെ അനുഭവം പങ്കുവയ്ക്കുകയും ഒപ്പം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാരീതി എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തത്. പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ശരിക്കും താന്‍ അത്ഭുതപ്പെട്ടുപോയെന്ന് ബാലാജി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്‍വെന്റോ റോബോട്ടിക്‌സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആണ് ബാലാജി വിശ്വനാഥന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. സമാനമായ അനുഭവങ്ങള്‍ പലരും പോസ്റ്റിനു താഴെ പങ്കുവച്ചിട്ടുണ്ട്. അവധി ചെലവഴിക്കാനായി കേരളത്തിലെത്തിയ തനിക്ക് ഒരു സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ അനുഭവമാണ് ബാലാജി വിശ്വനാഥ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.”ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. അവിടെ ഞങ്ങള്‍ക്ക് അറിയുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാന്‍ കണ്ടിട്ടില്ല. ഒരു പകര്‍ച്ചവ്യാധിക്ക് മുന്‍പിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. ചിക്കന്‍പോക്‌സ്, പ്ലേഗ്, പോളിയോ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളോടെല്ലാം നമ്മള്‍ ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീല്‍ സോറി ഫോര്‍ യു മാന്‍”-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രണ്ടാഴ്ച മുന്‍പ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്. അവിടത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ആലപ്പുഴ ബീച്ചില്‍ വെച്ച് എന്റെ മകന് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി. ഞാന്‍ ആകെ പരിഭ്രാന്തനായി. അവനേയും കൊണ്ട് സമീപത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി. എന്റെ ഓര്‍മയില്‍ ഞാന്‍ ആദ്യമായാണ് അന്ന് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോവുന്നത്.30 സെക്കന്റുകള്‍ക്കുള്ളില്‍ റിസപ്ക്ഷനിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. ഐ.ഡി കാര്‍ഡ് പോലും കാണിക്കേണ്ടി വന്നില്ല. അടുത്ത 30 സെക്കന്റിനുള്ളില്‍ എമര്‍ജന്‍സി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു. രണ്ട് മിനുട്ടിനുള്ളില്‍ പരിക്കിന് പ്രാഥമിക ശുശ്രൂഷ നല്‍കി. അടുത്ത അഞ്ച് മിനുട്ടിനുള്ളില്‍ ഡ്യൂട്ടി ഡോക്ടറെത്തി എക്‌സറേ ആവശ്യപ്പെട്ടു.
അതിരാവിലെ ആയതിനാല്‍ എക്‌സ്‌റേ ടെക്‌നീഷ്യനെ വിളിച്ചെഴുന്നേല്‍പ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനിറ്റിനുള്ളില്‍ അതും പൂര്‍ത്തിയായി. ഒടിവുകള്‍ ഇല്ലെന്നും ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാണിക്കാനും നിര്‍ദേശിച്ച് ഡോക്ടര്‍ ഞങ്ങളെ മടക്കി. വീട്ടിലേക്കെത്തിയ ഞങ്ങള്‍ അല്‍പ നേരത്തിനു ശേഷം ആശുപത്രിയിലേക്ക് തിരിച്ചെത്തി ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടറെ കണ്ടു. പിന്നീട് അഞ്ച് മിനിറ്റിനുള്ളില്‍ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാന്‍ഡേജ് മാറ്റി പ്രിസ്‌ക്രിപ്ഷന്‍ തന്നു. മുടക്കമില്ലാതെ ഞങ്ങള്‍ അവധി ചെലവഴിച്ചു മടങ്ങി.ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. അവിടെ ഞങ്ങള്‍ക്ക് അറിയുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാന്‍ കണ്ടിട്ടില്ല. ഒരു പകര്‍ച്ചവ്യാധിക്ക് മുന്‍പിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. ചിക്കന്‍പോക്‌സ്, പ്ലേഗ്, പോളിയോ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളോടെല്ലാം നമ്മള്‍ ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീല്‍ സോറി ഫോര്‍ യു മാന്‍.