നിപ്പ കാലത്ത് നിങ്ങളൊക്കെ എവിടെയായിരുന്നു? നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല, ആരോഗ്യമന്ത്രി ശൈലജയ്ക്ക് മീഡിയാമാനിയ ആണെന്ന് പറഞ്ഞ ചെന്നിത്തലയെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍

നിയമസഭയില്‍ ഇന്ന് നടന്ന ബഹളത്തിനെതിരെ സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍.ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചാണ് ഷാന്‍ എത്തിയത്. കോവിഡ് 19 ആശങ്കയില്‍ കേരളം അതീവ ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോഴും ആരോഗ്യ മന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച പൊതുജന ശ്രദ്ധ നഷ്ടപ്പെടുന്നതു കൊണ്ടാണ് പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്നും ആരോഗ്യ മന്ത്രിയുടെ പ്രസംഗങ്ങളെ ചൂഷണം ചെയ്ത് അവര്‍ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്നും ഷാന്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികാരികളില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ മാളങ്ങളില്‍ പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.

ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു.

പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്‌ബോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്‌ബോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’.

Top