ബാര്‍ കോഴക്കേസില്‍ മാണിയെയും പാര്‍ട്ടിയെയും കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ് ചെയ്തതെന്ന് ചെന്നിത്തല

image

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന ആരോപണത്തിനെതിരെ ചെന്നിത്തല പ്രതികരിക്കുന്നു. ബാര്‍ കോഴക്കേസില്‍ മാണിയെയും പാര്‍ട്ടിയെയും കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ് ചെയ്തത്. ദീര്‍ഘകാലമായി ബന്ധമുള്ള ഒരു പാര്‍ട്ടി ചര്‍ച്ചകള്‍ ഒന്നും കൂടാതെ മാണി പുറത്ത് പോയത് ദുഖകരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മാണിയേയോ പാര്‍ട്ടിയേയോ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ എം മാണി യുഡിഎഫ് വിട്ടത് വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോള്‍ നിരത്തിയിരിക്കുന്ന കാരണങ്ങള്‍ മുന്നണിവിടലിന് പര്യാപ്തമല്ല. യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും കോണ്‍ഗ്രസ് തുല്യപരിഗണനയാണ് നല്‍കിയിട്ടുള്ളത്. മാണിയോട് യാതൊരു എതിര്‍പ്പും കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കെ എം മാണി അഴിമതി കാട്ടിയിട്ടില്ല എന്ന നിലപാടാണ് താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിട്ടുള്ളത്. ബാര്‍കോഴ കേസില്‍ മാണി നിര്‍ദോഷിയാണെന്ന നിലപാടാണ് താനെടുത്തത്. അതിന്റെ പേരില്‍ മന്ത്രിയായിരിക്കെ നിരവധി ആരോപണങ്ങള്‍ കേട്ടു. ചെന്നിത്തല പറഞ്ഞു.

ബാര്‍കോഴയുമായി ബന്ധപ്പെട്ട് കെ എം മാണിക്കും കെ ബാബുവിനും എതിരെ വന്ന കേസുകളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ രണ്ട് കേസുകളും വ്യത്യസ്തമായിരുന്നു. മാണിക്കെതിരായ കേസില്‍ പ്രധാന സാക്ഷികള്‍ ഹാജരായി മൊഴി കൊടുത്തില്ല. അതിനാലാണ് മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോഗ്‌നസബിള്‍ ഒഫന്‍സ് എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ മാണിയെ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന തെളിവുകള്‍ ഒന്നും ലഭിച്ചില്ല. മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വിജിലന്‍സ് അതേ നിലപാടാണ് സ്വീകിരിച്ചിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടറാണ് ക്വിക് വേരിഫിക്കേഷന് ഉത്തരവിട്ടത്. വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി എന്ന നിലയില്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം തടയാന്‍ തനിക്ക് കഴിയില്ല. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. ചെന്നിത്തല പറഞ്ഞു.

വിജിലന്‍സിനെ സ്വതന്ത്രവും നീതി പൂര്‍വ്വവുമായി പ്രവര്‍ത്തിക്കാന്‍ താന്‍ അനുവദിച്ചെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആരെയും കേസില്‍ പെടുത്താനോ കേസില്‍ നിന്ന് രക്ഷിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി മന്ത്രിയെന്ന നിലയില്‍ സ്വീകരിച്ചിട്ടുണ്ട്.

താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്താണ് മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ താന്‍ എന്ത് തെറ്റ് ചെയ്തു എന്നത് കേരളത്തിലെ ജനങ്ങള്‍ പറയട്ടെ. മാണിക്കെതിരെ വിജിലന്‍സ് സത്യസന്ധവും നീതിപൂര്‍വ്വകവുമായ അന്വേഷണമാണ് നടത്തിയത്. മാണി തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണവിശ്വസമാണ് തനിക്ക് ഇപ്പോഴും ഉള്ളത്. ചെന്നിത്തല പറഞ്ഞു.

ബാര്‍കോഴ ആരോപണത്തിന്റ പേരില്‍ മാണിയെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു എല്‍ഡിഎഫ് സ്വീകിരിച്ചത്. അന്ന് ചങ്ക് കൊടുത്താണ് മാണിയെക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും.

ഘടകകക്ഷികളെ തെരഞ്ഞെടുപ്പില്‍ കാലുവാരുന്ന ചരിത്രം കോണ്‍ഗ്രസിന് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബാര്‍കോഴ കേസിലെ ഗൂഢാലോചന സംബന്ധിച്ച റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അ് എത്രയും വേഗം പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് പുറത്തുവിടട്ടെ. അതില്‍ തനിക്ക് സന്തോഷമേ ഉള്ളൂ. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല. ചെന്നിത്തല അഭിപ്രായപ്പെട്ടു.

Top