കൊച്ചി: ലഹരിക്കുവേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ്. നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോള്‍ ബാക്കിയുണ്ടാകില്ലെന്ന് ഷിംന അസീസ് പറഞ്ഞു
അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുളള സാധ്യത വളരെ കൂടുതലാണെന്നും രക്തത്തെ ബാധിക്കുന്ന ഹീമോടോക്സിക് വെനം ആണ് അണലിക്ക്, അതിനാല്‍ ജീവന്‍ രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണെന്നും ഷിംന അസീസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാല്‍ ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതല്‍ പോപ്പുലറാകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ടെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷിംനയുടെ പ്രതികരണം.
‘രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാല്‍ തന്നെ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാവുകയുമില്ല. അണലിയുടെ ദംശനമേറ്റാല്‍ മരണപ്പെട്ടില്ലെങ്കില്‍ പോലും ആയുഷ്‌കാലം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്. കിടപ്പിലായി പോകാം. സ്ഥിരമായി കിഡ്നിയെ ബാധിക്കാം. അങ്ങനെ കുറേ പ്രശ്നങ്ങള്‍. വളരെയേറെ രക്തക്കുഴലുകള്‍ നിറഞ്ഞ നമ്മുടെ നാക്കില്‍ അണലി കൊത്തിയാല്‍ വിഷം അതിവേഗം ബഹുദൂരം രക്തത്തില്‍ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഈ അണലിക്കുട്ടിയെ പിടിച്ച് കടിപ്പിക്കാം എന്നുവെച്ചാല്‍, സര്‍പ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവില്‍ ഒരു നിയന്ത്രണവുമുണ്ടാകില്ല. പാമ്പിന്റെ കുട്ടി അല്ല ലുക്കില്‍ മാത്രമേ ചെറുതുളളു. വര്‍ക്കില്‍ പലപ്പോഴും വളര്‍ച്ചയെത്തിയ പാമ്പിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് പാമ്പിന്‍കുട്ടികള്‍. പാമ്പിന്റെ കൊത്ത് ലഹരി തരില്ല’: ഷിംന അസീസ് പറഞ്ഞു. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തില്‍ ആഞ്ഞുവീശട്ടെ എന്നും അണലി സ്വന്തം പ്രാരാബ്ദങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ വെറുതെ അതിനെ ശല്യപ്പെടുത്തേണ്ടെന്നും ഷിംന അസീസ് കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ കേരളത്തിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. ‘എറണാകുളത്ത് ഒരു സ്ഥലത്ത് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാക്കില്‍ കൊത്തിക്കുന്ന ഒരു സ്ഥലം പൊലീസ് കണ്ടുപിടിച്ചു. മരിച്ചുപോകില്ല. അണലിക്കുഞ്ഞല്ലേ. അതിശക്തമായ നടപടി സ്വീകരിച്ചു. അതിന് ശേഷമാണ് ഇതെല്ലാം പിടികിട്ടിയത്. നെറ്റിയിലിടുന്ന പൊട്ട്, നാക്കിലിടുന്ന സ്റ്റാംപ്, കയ്യിലിടുന്ന പ്ലാസ്റ്റര്‍ ഇതെല്ലാം ലഹരിയാണ്. നമ്മളത് അറിയുന്നില്ല’ എന്നാണ് ചെന്നിത്തല പറഞ്ഞത്.
ഡോ. ഷിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന ‘ഹീമോടോക്സിക് വെനം’ ആണ് അണലിക്ക്. ജീവന്‍ രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണ്.
നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാല്‍, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതല്‍ പോപ്പുലര്‍ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.
രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാല്‍ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല.
എന്ന് മാത്രമല്ല, അണലിയുടെ ദംശനമേറ്റാല്‍ മരണപ്പെട്ടില്ലെങ്കില്‍ പോലും ആയുഷ്‌കാലം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങള്‍…
വളരെയേറെ രക്തക്കുഴലുകള്‍ നിറഞ്ഞ നമ്മുടെ നാക്കില്‍ അണലി കൊത്തിയാല്‍ വിഷം അതിവേഗം ബഹുദൂരം രക്തത്തില്‍ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതല്‍ വേഗത്തില്‍ മരണം സംഭവിക്കാം.
നാക്കില്‍ കൊത്തിക്കാന്‍ വേണ്ടി പ്രവചിക്കാന്‍ പറ്റാത്ത വേഗത്തില്‍ ആക്രമിക്കുന്ന അണലിയെ പിടികൂടാന്‍ ശ്രമിച്ചാല്‍ ആ വകയിലും പാമ്പ്കടി ഏല്‍ക്കാന്‍ ചാന്‍സുണ്ട്.
ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാല്‍, സര്‍പ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവില്‍ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിന്‍കുട്ടി ‘കുട്ടി’ അല്ല. ലുക്കില്‍ മാത്രമേ ചെറുതുള്ളൂ, വര്‍ക്കില്‍ പലപ്പോഴും വളര്‍ച്ചയെത്തിയ പാമ്പിനേക്കാള്‍ കൂടുതല്‍ അപകകാരിയാണ് പാമ്പിന്‍കുട്ടികള്‍.
മേല്‍ പറഞ്ഞ പല വിധ കാരണങ്ങളാല്‍ അണലിയുടെ കടി അണ്ണാക്കില്‍ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല.
കൂടെ ഒന്ന് കൂടി…ഒരു ലഹരിയും ഉപയോഗിക്കാന്‍ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയില്‍ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല.
അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷന്‍ തൂഫാന്‍ ഇനിയും കേരളത്തില്‍ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്.
അണലി സ്വന്തം പ്രാരാബ്ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട…










