തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് എതിരായ പരാതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം സിഐയെ സ്ഥലംമാറ്റി. സിഐ ജി പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.കേസിലെ പരാതിക്കാരിയാണ് കോവളം പൊലീസ് തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
കേസ് ഒത്തുതീർപ്പാക്കാൻ എസ്എച്ച്ഒ ശ്രമിച്ചിരുന്നതായി പരാതിക്കാരി ആരോപിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളി എം.എൽഎക്കെതിരായ പീഡന മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പരാതിക്കാരി ഇന്ന് പറഞ്ഞിരുന്നു. പരാതി ഒതുക്കിത്തീർക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും യുവതി പറഞ്ഞിരുന്നു. കോവളം എസ്എച്ച്ഒ കേസ് എടുക്കാതെ ഒത്തീർപ്പിന് ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു.
എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കമ്മീഷണർ കോവളം സിഐയ്ക്കു പരാതി കൈമാറി. അതേസമയം, യുവതിയെ കാണാനില്ലെന്നു പറഞ്ഞ് സുഹൃത്ത് വഞ്ചിയൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
പിന്നീട് യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി മാനസിക സമ്മർദത്തെ തുടർന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കോവളം പോലീസിനോട് ചോദിച്ചു. ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വിളിച്ചു വരുത്തിയെങ്കിലും പൂർണമായി മൊഴിയെടുത്തില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ആവുകയായിരുന്നു, കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളിയുടെ ഫോൺ മോഷ്ടിച്ചെന്നായിരുന്നു ഇവർ നൽകിയിരിക്കുന്ന പരാതി.