നിയമസഭയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ ഇനി പുതിയ കുപ്പായം തുന്നേണ്ടെന്ന് സിപിഎം,ഭരണപക്ഷത്തെ വെറുപ്പിക്കാതിരുന്നവര്‍ക്കെല്ലാം പണികിട്ടും,രണ്ട് ടേം കര്‍ശനമാക്കാന്‍ പാര്‍ട്ടിയില്‍ പൊതുധാരണ.

കൊച്ചി:നിയമസഭയില്‍ പ്രകടനം മോശമായ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണ്ട എന്ന് സിപിഐഎമ്മില്‍ പൊതുഅഭിപ്രായം.നിയമസഭക്കകത്തും പുറത്തും എല്‍ഡിഎഫ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ സമരപരിപാടികളില്‍ വേണ്ടവിധം പങ്കെടുക്കാത്തവര്‍ക്കാണ് ”പണികൊടുക്കാന്‍”പാര്‍ട്ടി ഒരുങ്ങുന്നത്.ഏതാണ്ട് പത്തോളം എംഎല്‍എമാര്‍ ഈ ഗണത്തില്‍ പെടുന്നവര്‍ ഉണ്ടെന്നാണ് കിട്ടുന്ന വിവരം.സഭക്കകത്ത് കടുത്ത പ്രക്ഷോഭം പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുമ്പോള്‍ ചുളുവില്‍ മാറി നിന്‍ ഭരണപക്ഷത്തെ വെറുപ്പിക്കാതിരുന്നവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്നാണത്രെ ഭൂരിപക്ഷം നേതാക്കളൂടേയും അഭിപ്രായം.ചില എംഎല്‍എമാര്‍ സദാസമയവും യുഡിഎഫ് മന്ത്രിമാരുടെ ബെഞ്ചില്‍ തന്നെയാണെന്ന് മുന്‍പ് തന്നെ പരാതി ഉയര്‍ന്നിരുന്നു.ഫണ്ടിന് വേണ്ടി കാട്ടിക്കൂട്ടിയ അനാവശ്യ ഭരണപക്ഷ വിധേയത്വം സഭക്കകത്തെ പ്രക്ഷോഭങ്ങളുടെ ആവേശം കെടുത്തിയെന്നും പാര്‍ട്ടിയില്‍ വികാരമുണ്ട്.അതേസംയം മുന്നണിയുടെ വനിത എംഎല്‍എമാരെല്ലാം ഈ നിയമസഭ കാലയളവില്‍ നല്ല പ്രകടനം സഭക്കുള്ളിലും പുറത്തും നടത്തിയെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു.ഒരു ഭാഗത്ത് പ്രതിപക്ഷം കടുത്ത സമരം നടത്തുമ്പോഴും പൊതുപരിപാടികളിലും മറ്റും മന്ത്രിമാരെ ക്ഷണിച്ച് വേദിയില്‍ വച്ച് ചില എംഎല്‍എമാര്‍ പുകഴ്തിയെന്നും ഇത് സമരം ഇരട്ടത്താപ്പാണെന്ന് പൊതുജനത്തിന് തോന്നാന്‍ കാരണമായെന്നും നേതാക്കള്‍ പറയുന്നു.അനാവാശ്യ പാര്‍ളിമെന്ററി വ്യാമോഹം ചില എംഎല്‍എമാറ്ക്കുണ്ടായിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ പുതിയ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാവൂ എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.
രണ്ട് തവണയില്‍ കൂടുതല്‍ എംഎല്‍എമാരായവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഎം കൊല്‍ക്കത്ത പ്ലീനത്തിലും തീരുമാനമെടുത്തിട്ടുണ്ട്.എന്നാല്‍ ചില മണ്ഡലങ്ങളില്‍ നിലവിലെ എംഎല്‍എമാര്‍ പ്രചരണം അനൗദ്യോഗികമായി തുടങ്ങി വച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.ഒരു കേന്ദ്രകമ്മറ്റി അംഗത്തിനും ഒരു സംസ്ഥാന കമ്മറ്റി അംഗത്തിനും,പ്രമുഖനായ ഇടതു സ്വതന്ത്രനും മാത്രമേ രണ്ട് ടേം എന്ന പാര്‍ട്ടി പൊതുതീരുമാനത്തിന് വിരുദ്ദമായി മത്സരിക്കാന്‍ പ്രത്യേക അനുമതി നല്‍കുകയുള്ളൂ എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍.അങ്ങിനെ വന്നാല്‍ വെളുത്ത കുപ്പായം തുന്നി നിയമസഭയും ഭരണപക്ഷ ബെഞ്ചും സ്വപ്നം കണ്ടുനടക്കുന്ന പല ഭാഗ്യാന്വേഷികള്‍ക്കും അത് തിരിച്ചടിയാകും.

Top