ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് മുന്നണികളെ വലയ്ക്കുന്നു. തങ്ങളുടെ ജയസാധ്യതയാണ് വര്‍ദ്ധിച്ചതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരായ ജനവികാരവും മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്ന ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതിഫലനവുമായാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണു ബിജെപി. തൃശൂരിലും വന്‍മുന്നേറ്റം ഉറപ്പിക്കുന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ട് വിഹിതം ഉയരുമ്പോള്‍ ആകെ 18%-20% എന്ന റെക്കോര്‍ഡിലെത്തുമെന്ന പ്രത്യാശയിലാണു പാര്‍ട്ടി. ബിജെപി അക്കൗണ്ട് തുറക്കുമെന്നു യുഡിഎഫും എല്‍ഡിഎഫും കരുതുന്നില്ല.
ബിജെപിയുടെ വോട്ട് വിഹിതം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 10.9 ശതമാനത്തില്‍ നിന്നു കൂടാനുള്ള സാധ്യത ആരും നിരാകരിക്കുന്നുമില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 15% ബിജെപി നിലനിര്‍ത്തിയേക്കാമെന്നാണു സിപിഎം വിചാരിക്കുന്നത്. താഴെപ്പോയാല്‍ യുഡിഎഫിനു വോട്ടു മറിച്ചെന്നു കരുതേണ്ടി വരുമെന്ന മുന്‍കൂര്‍ ജാമ്യവും. കാസര്‍കോട്ട് അക്കാര്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു.
ശബരിമല യുവതീപ്രവേശന വിവാദം കത്തി നിന്ന മണ്ഡലങ്ങളെന്നതിന് പുറമേ ബി.ജെ.പി ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലങ്ങളുമാണ് തിരുവനന്തപുരവും പത്തനംതിട്ടയും. അവരുടെ പ്രതീക്ഷാ മണ്ഡലങ്ങളില്‍ മുന്നിലാണ് തിരുവനന്തപുരം. കേരളത്തിലെ പ്രബുദ്ധവോട്ടര്‍മാരും മോദിക്കൊപ്പം ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ഇഴുകിച്ചേരുന്നതാണ് ഉയര്‍ന്ന പോളിംഗ് ശതമാനം നല്‍കുന്ന സൂചനയെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വാദം.
എന്നാല്‍ തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടേയും പിന്നാക്ക വോട്ടുകളുടേയും വന്‍ തോതിലുള്ള ഏകീകരണം ഉണ്ടായതായി നിരീക്ഷകര്‍ വിലയിരുന്നുന്നു. കുമ്മനം രാജശേഖരനെ നായര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടിയത് വിനയാകുമെന്നാണ് വിലയിരുത്തല്‍. ഇതിനെതിരെ പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പിന്നാക്ക വിഭാഗ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടെന്നുമാണ് വിലയിരുത്തല്‍.
ഏകീകരിക്കപ്പെട്ട വോട്ടുകള്‍ മോദിക്കെതിരായ വിധിയെഴുത്താവുകയാണെങ്കില്‍ ശശി തരൂരിനാകും ഗുണം ചെയ്യുക. മോദിക്കെതിരായ രാഹുലിന്റെ ഉറച്ച നിലപാട് കോണ്‍ഗ്രസിന് വോട്ട് ലഭിക്കാന്‍ കാരണമാകും. തരൂരിന്റെ പ്രചാരണത്തിലെ പാളിച്ചകള്‍ അവസാന ദിവസങ്ങളില്‍ മറികടക്കാനായി എന്നാണ് പൊതുവേ വിലയിരുത്തുന്നത്.