വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകരോട് മത്സര രംഗത്തു നിന്ന്പിന്മാറാന്‍ അഭ്യര്‍ഥിച്ച് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നും മോദിയ്‌ക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നുമാണ് നേതാക്കള്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിച്ച് തങ്ങളെ സമീപിച്ചതായി കര്‍ഷകനേതാവ് പി അയ്യാക്കണ്ണ് പറഞ്ഞു.
കര്‍ഷകവായ്പ എഴുതിത്തള്ളുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ബി ജെ പി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വാരണാസിയില്‍നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും അയ്യാക്കണ്ണ് കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ മോദിക്കോ മറ്റേതെങ്കിലും രാഷ്ട്രീയക്കാര്‍ക്കോ എതിരല്ല.
ആരോടും വ്യക്തിപരമായ വൈരാഗ്യവുമില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ കര്‍ഷകര്‍ക്കു വേണ്ടിയുള്ളതാണ്. സര്‍ക്കാരിന്റെ നയത്തോടാണ് ഞങ്ങള്‍ക്ക് പ്രതിഷേധമുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും ആവശ്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വാരണാസിയില്‍നിന്ന് 111 കര്‍ഷകര്‍ മോദിക്കെതിരെ മത്സരിക്കുന്നതില്‍നിന്ന് പിന്മാറുമെന്നും അയ്യാക്കണ്ണ് പറഞ്ഞു.