ന്യൂഡൽഹി: കർണാടകയെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ‘കര്‍ണാടകടത്തിന്റെ സല്‍പ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ലെ’ന്ന പരാമര്‍ശത്തിനെതിരെയാണ് നടപടി. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇട്ട പോസ്റ്റിൽ വ്യക്തത വരുത്താനും നടപടികൾ സ്വീകരിക്കാനുമാണ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.കൂടാതെ, തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച പത്ര പരസ്യത്തിൽ ബിജെപിക്കും കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കർണാടകത്തെ കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ പരാമർശം മെയ് 6 ന് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിൽ കർണാടകയുടെ ‘പരമാധികാരം’ പരാമർശത്തെ കുറിച്ചാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ബിജെപി നേതാക്കളായ ഭൂപേന്ദർ യാദവ്, ഡോ. ജിതേന്ദ്ര സിംഗ്, തരുൺ ചുഗ്, അനിൽ ബലൂനി, ഓം പഥക് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.