തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്കെതിരെ പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന് ശശി തരൂര്‍ പറഞ്ഞതായി ഐഎന്‍ടിയുസി മുന്‍ നേതാവ് കല്ലിയൂര്‍ മുരളി. എഐസിസി മുന്നറിയിപ്പ് നല്‍കിയ നിരുവനന്തപുരത്തെ നേതാവാണ് തരൂരിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. ഇത് പറഞ്ഞതുകൊണ്ട് ചിലപ്പോള്‍ തനിക്കെതിരെ വധഭീഷണിയുണ്ടായേക്കാമെന്നും മുരളി വെളിപ്പെടുത്തി. ‘എന്നെയും ഇവര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷെ അത് തുറന്ന് പറയാനാവില്ലെന്ന് ശശി തരൂര്‍ തന്നോട് കരഞ്ഞ് പറഞ്ഞതായും മുരളി വെളിപ്പെടുത്തി.ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയിലാണ് മുരളിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്
തിരുവനന്തപുരത്ത് സംഘടനാ സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ല. ജില്ലയില്‍ എ, ഐ ഗ്രൂപ്പുകളുടെ രണ്ട് നേതാക്കന്‍മാര്‍ ശരിയായ പാര്‍ട്ടി പ്രവര്‍ത്തകരെ അംഗീകരിക്കാതെ അവരുടെ കോഴികളെ മാത്രം കെപിസിസി, ഡിസിസി സെക്രട്ടറിമാരാക്കി. ശശി തരൂരിന് വേണ്ടി നോട്ടീസ് നല്‍കാന്‍ പോലും എന്നെപ്പോലുള്ളവര്‍ വേണ്ടെന്നാണ് തമ്ബാനൂര്‍ രവിയും വിഎസ് ശിവകുമാറും പറഞ്ഞത്.ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനം നൊന്താണ് പാര്‍ട്ടി സ്ഥാനം രാജിവെച്ചത്. ബിജെപിയില്‍ ചേര്‍ന്നതുകൊണ്ടല്ല നേതാക്കളെ വിമര്‍ശിക്കുന്നത് മുരളി വ്യക്തമാക്കി.
ശശി തരൂര്‍ ജയിക്കണമെന്ന് ആഗ്രഹമില്ലാത്ത നേതാക്കള്‍ തിരുവനന്തപുരത്തുണ്ട്. അതിന് വേണ്ടി അദ്ദേഹത്തെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തരൂര്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ള ആളാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കണ്‍വീനറായ തമ്ബാനൂര്‍ രവിയടക്കമുള്ളവര്‍ അതിന് തയ്യാറായല്ല. നേമത്ത് കാലുവാരിയ മാന്യന്മാരാണ് ഇപ്പോഴും പാലം വലിക്കുന്നത്. ശശി തരൂര്‍ പരാജയപ്പെടും, അപ്പോള്‍ താന്‍ പറഞ്ഞത് നിങ്ങള്‍ അംഗീകരിക്കുമെന്നും കല്ലിയൂര്‍ മുരളി ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താൻ പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. പ്രചാരണത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ പാർട്ടി പരിഹരിക്കും. അവസാന റൗണ്ടിൽ ആണ് കോൺഗ്രസ് പ്രചാരണം ശക്തമാകുകയെന്നും ശശി തരൂർ വ്യക്തമാക്കി.
കൂടുതല്‍ ശക്തമായ പ്രചാരണം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും തരൂര്‍ വ്യക്തമാക്കി. ചില ഭാഗങ്ങളിൽ ശക്തമായ പ്രചാരണം വേണം എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ഇത്തവണ കൂടുതല്‍ ശക്തമായ ത്രികോണ മത്സരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജ്ജീവമല്ലെന്ന് കാണിച്ച് ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം ശശി തരൂരിന്‍റെ പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് തലസ്ഥാനത്തെ കോൺഗ്രസ്സിലെ ഇപ്പോഴത്തെ വിവാദവിഷയം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കൾ സജീവമല്ലെന്ന് കാണിച്ച് തരൂർ ക്യാമ്പ് നൽകിയ പരാതിയെ തുടർന്ന് ജില്ലയിലെ നേതാകൾക്ക് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു.
മെല്ലെപ്പോക്കിന് പിന്നിൽ വിഎസ് ശിവകുമാർ എംഎൽഎയാണെന്ന് മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. കല്ലിയൂർ മുരളിയുടെ വീടിന്‍റെ മതിലിൽ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേർക്കുകയും ചെയ്തു. ശിവകുമാർ അടക്കമുള്ള നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂർ മുരളി പറഞ്ഞു.
എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിക്കെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്‍റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/