ലക്നൗ: യുപിയില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.
വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികള്‍ പരസ്പരം മാറ്റുരയ്ക്കും. വോട്ടിങ്ങിന് അര്‍ഹതയുള്ള 2.27 കോടി ആളുകളാണ് ഉള്ളത്.
കൊവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പ്.
കൊവിഡിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി, ഗംഗയിലൂടെ ഒഴുകുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും മണല്‍ത്തീരങ്ങളില്‍ കുഴിച്ചിട്ടതും രാജ്യത്തെ ഞെട്ടിച്ചിരുന്നു. ബിജെപിയുടെ വലിയ വെല്ലുവിളി സമാജ്വാദി പാര്‍ട്ടി തന്നെയാണ്.