തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. ഭരണമുന്നണിയായ യുഡിഎഫില്‍ പതിവുപോലെ വടംവലികള്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ത്ഥിത്തത്തിനായും മുന്നണിയില്‍ കൂടുതല്‍ സീറ്റ് നേടാന്‍ വേണ്ടി കക്ഷികളും അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങളും ഇത്തവണ ഉണ്ടാകും. വര്‍ഷങ്ങളായി മത്സരരംഗത്തുണ്ടായിരുന്ന മന്ത്രിമാരെ മാറ്റാനുള്ള ആലോചനയാണ് ശക്തമായി നടക്കുന്നത്. മൂന്ന് മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ മത്സരരംഗത്തുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
മന്ത്രിമാരായ സിഎന്‍ ബാലകൃഷ്ണന്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യത കുറവാണ്. വടക്കാഞ്ചേരി മണ്ഡലത്തില്‍ അദ്ദേഹത്തിന് തന്നെ പ്രിയപ്പെട്ട ആരെയെങ്കിലും നിര്‍ ദേശിക്കാനുള്ള സാധ്യതയമുണ്ട്. ആര്യാടന്‍ മുഹമ്മദിനും കെ.സി. ജോസഫും ഇത്തവണ മത്സരരംഗത്തിറങ്ങേണ്ടെന്ന അഭിപ്രായമുണ്ട്. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ ഇവര്‍ മത്സരിച്ചാല്‍ മാത്രമേ വിജയിക്കൂ എന്നാണ് വിലയിരുത്തലെങ്കില്‍ ഇവരും രംഗത്തിറങ്ങിയേക്കും. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുുന്ന തേറമ്പില്‍ രാമകൃഷ്ണന്‍ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. കെ. അച്യുതനാണ് സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലാത്ത മറ്റൊരു വ്യക്തി. ചിറ്റൂരില്‍ അച്യുതന്‍ മത്സരിക്കാത്ത പക്ഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ മകന്‍ സുമേഷ് മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്.
ആരോപണ വിധേയരായ എംഎല്‍എമാരെയും മന്ത്രിമാരെയും മത്സര രംഗത്തു നിന്നും ഒഴിവാക്കണമെന്ന പൊതു അഭിപ്രമായം ഉയരുന്നുണ്ട്. കൂടാതെ വിജയസാധ്യതയും പരിഗണിക്കും. ഇതെല്ലാം അടിസ്ഥാനമാക്കിയാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ് നടത്തുക. അതുകൊണ്ട് തന്നെയാണ് സിറ്റിങ് സീറ്റാണെന്ന കാരണത്താല്‍ എപ്പോഴും സീറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പില്ലെന്ന് വ്യകതമാകുന്നതും. പോഷകസംഘടനകളില്‍ നിന്നും മുന്‍ഗണനാ പട്ടികകൂടി പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം. ജനസ്വാധീനവും ജയസാധ്യതയുമാണ് സ്ഥാനാര്‍ത്ഥിത്വത്തിന് ആധാരമെന്നതംഗീകരിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പ് സമവായത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. മുന്നണിയിലെ പ്രത്യേക ക്ഷണിതാക്കളായ കക്ഷികള്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നും നേതാക്കളില്‍ അഭിപ്രായം. ഇക്കഴിഞ്ഞ കെപിസിസി. യോഗത്തിലാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
വടക്കാഞ്ചേരിയിലോ, തൃശൂരിലോ പത്മജാ വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള സാധ്യതയുണ്ട്. കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ എ പി അബ്ദുള്ളക്കുട്ടി മറ്റേതെങ്കിലും സീറ്റിലേക്ക് മാറേണ്ടി വരും. എന്നാല്‍, നിരവധി ആരോപണങ്ങള്‍ നേരിട്ട അബ്ദുള്ളക്കുട്ടി മത്സരിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. അതേസമയം നിലമ്പൂരില്‍ താന്‍ മാറണമെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കണം എന്നതാണ് ആര്യാടന്റെ ആവശ്യം. ഈ തീരുമാനം കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ തന്നെയും ലീഗിന്റെ ആവശ്യവും പരിഗണിക്കും.
കെപിസിസി പ്രസിഡന്റ് വി എം. സുധീരന്‍ മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യവും സംശയത്തിലാണ്. ഇക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് അറിയുന്നത് അങ്ങനെ വരുമ്പോള്‍ സുധീരന് വേണ്ടി മണലൂര്‍ സീറ്റ് പി.എ. മാധവന്‍ വിട്ടുകൊടുക്കേണ്ടി വരും. തിരുവനന്തപുരത്തെ കഴക്കൂട്ടത്തില്‍ എം.എ. വാഹീദിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും മുസ്ലിം പ്രതിനിധി എന്ന നിലയില്‍ മാറ്റാനുള്ള സാധ്യത കുറവാണ്. മന്ത്രി ബാബു തൃപ്പുണിത്തുറയിലും വിഷ്ണുനാഥ് ചെങ്ങന്നൂരും വീണ്ടും ജനവിധിതേടും.
മുന്നണിവിട്ട കേരള കോണ്‍ഗ്രസ് ബിയുടെ രണ്ടു സീറ്റ്, ജെഎസ്എസിന്റ നാലുസീറ്റുകളില്‍ മൂന്നെണ്ണം, സിഎംപിയുടെ മൂന്നു സീറ്റില്‍ ഒരെണ്ണം എന്നിവ കോണ്‍ഗ്രസ് തിരിച്ചെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) കൂടുതല്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ ഘടകകക്ഷികളും ആവശ്യം ഉന്നയിക്കും. ബാര്‍കോഴയുടെ പേരില്‍ നാണക്കേട് സഹിക്കേണ്ടിവന്നതു മുതല്‍ കേരളാകോണ്‍ഗ്രസ് യുഡിഎഫില്‍നിന്ന് അകന്നു നില്‍ക്കുകയാണ്. നാലു സീറ്റുണ്ടായിരുന്ന ജോസഫ് വിഭാഗവും കൂടുതല്‍ സീറ്റ് വേണമെന്ന കടുംപിടുത്തത്തിലാണ്. ഇതംഗീകരിച്ചാല്‍ ആര്‍എസ്പിയും അവകാശവാദവുമായി രംഗത്തെത്തുമെന്നുറപ്പാണ്. ആര്‍എസ്പിക്കു നാല് സീറ്റാണുണ്ടായിരുന്നത്.
കോവൂര്‍ കുഞ്ഞുമോന്‍ രാജിവച്ചെങ്കിലും ആര്‍എസ്പിയും കൂടുതല്‍ സീറ്റ് ആവശ്യപ്പെടും. ജനതാദളും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകക്ഷികളുടെ പിടിവാശിക്ക് നിന്നുകൊടുക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്. മുസ്ലിംലീഗുമായി സീറ്റുകലുടെ കാര്യത്തില്‍ നീക്കുപോക്ക് സാധ്യമാകുമോ എന്ന ആലോചനയും കോണ്‍ഗ്രസിലുണ്ട്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം വിദൂരതയിലെന്നു സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗുലാം നബി ആസാദ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന് നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് കൂടി പരിഗണിച്ച് തന്നെയാണ് നീക്കം. ഇതോടെ സോണിയാ ഗാന്ധിയുടെ മനസ്സില്‍ എന്താണെന്നതില്‍ ഗ്രൂപ്പ് മാനേജര്‍മാരില്‍ ആശങ്ക സജീവമായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ ചാണ്ടിയെ മാറ്റുന്നത് പോലും ഹൈക്കമാണ്ട് പരിഗണിക്കുന്നതായി ഐ വിഭാഗം പ്രചരിപ്പിക്കുന്നതുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് അവലോകനമാണ് ലക്ഷ്യമെന്ന് എ ഗ്രൂപ്പ് പറയുന്നു.
കഴിഞ്ഞ മാസം കേരള സന്ദര്‍ശനത്തിന് എത്തിയ സോണിയാ ഗാന്ധി എല്ലാവരും ഒരുമിച്ച് പോകണമെന്ന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വി എം സുധീരനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ നിരാശനാക്കി മുഖ്യമന്ത്രിക്ക് എതിരെ ഐ വിഭാഗം പലതരത്തിലെ പരാതികള്‍ ഉയര്‍ത്തി. സോളാറും ബാര്‍ കോഴയും സര്‍ക്കാരിനെ ബാധിച്ചെന്നും വ്യക്തമാക്കി. സിപിഎമ്മിലെ യോജിച്ചുള്ള മുന്നേറ്റവും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു. രാഹുല്‍ മടങ്ങിയതിന് തൊട്ട് പിന്നാലെ ഗുലാം നബിയും കേരളത്തിലെത്തി. ജില്ലാ തല നേതാക്കളായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് ഗുരുതര സാഹചര്യം ഗുലാംനബിക്ക് ബോധ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എം സുധീരനേയും മത്സരിപ്പിക്കണമെന്ന ആഗ്രഹം ഹൈക്കമാണ്ടിനുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതിന് എതിരാണ്. സുധീരന്‍ ജയിച്ചാല്‍ ഭാവി മുഖ്യമന്ത്രിയായി സുധീരന്‍ മാറുമോ എന്ന ഭയമാണ് ഇതിന് കാരണം. ഇത് തിരിച്ചറിഞ്ഞ് മത്സരത്തിനില്ലെന്ന് ഹൈക്കമാണ്ടിനെ സുധീരനും അറിയിച്ചു. എന്നാല്‍ സുധീരന്‍ മത്സരിച്ചേ മതിയാകൂ എന്നാണ് എകെ ആന്റണിയുടെ നിലപാട്. ഇതും ഡല്‍ഹി ചര്‍ച്ചകളില്‍ വിഷയമാകും. തെരഞ്ഞെടുപ്പ് പ്രചരണത്തെ ആന്റണി നയിക്കുമെന്നും സൂചനയുണ്ട്. നായകനെ മാറ്റിയാലേ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാകൂ എന്നാണ് ഗുലാംനബിയുടേയും വിലയിരുത്തല്‍.