ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബിജെപിയുടെ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് ഉമ്മന്‍ചാണ്ടി

Oommen-Chandy

തിരുവനന്തപുരം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ ശ്രമം കേരളത്തില്‍ നടപ്പിലാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിജെപി വച്ചു നീട്ടുന്നത് വികസനത്തില്‍ പൊതിഞ്ഞ വര്‍ഗ്ഗീയതയെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ കരുതിയിരിക്കണമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

പല സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയ ദ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബിജെപിയുടെ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്നും ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. 60 വര്‍ഷമായി ഭരിച്ചവര്‍ കേരളത്തെ കട്ടുമുടിക്കുകയായിരുന്നു എന്ന മോഡിയുടെ പ്രസ്ഥാവന വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം കേരളം കണ്ടില്ലാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ഒരു കാലഘട്ടം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. യാഥാര്‍ഥ്യങ്ങള്‍ ഇതാണെന്നിരിക്കേ എങ്ങനേയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പച്ചക്കള്ളങ്ങളാണ് മോഡി തട്ടിവിട്ടത്. കേരളത്തിലെ ജനങ്ങളേയും ഭരണത്തേയും മനപ്പൂര്‍വമായി അധിക്ഷേപിക്കാനുള്ള ശ്രമമാണ് മോഡിയുടെ സംഘവും ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില് കുറിച്ചു.

ഇന്നലെ പാലക്കാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരേയും കേരളത്തിലെ ഇരു മുന്നണികള്‍ക്കെതിരേയും മോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 60 വര്‍ഷം മാറി മാറി ഭരിച്ചിട്ടു കേരളത്തില്‍ എന്തു വികസനം നടന്നുവെന്നും സര്‍ക്കാരുകള്‍ സംസ്ഥാനത്തെ കൊള്ളയടിച്ചുവെന്നും മോദി വിമര്‍ശനം ഉന്നയിച്ചു. ഇതിനുള്ള മറുപടിയെന്നോണമാണ് ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കേരള നിയമസഭയില്‍ മൂന്നാം ശക്തി ഉദയം ചെയ്യാനുള്ള സാധ്യത കാണുന്നവെന്ന് മോദി ഇന്നലെ പ്രസ്താവിക്കുകയുണ്ടായി. സര്‍ക്കാരിന്റെ കൊള്ളയില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ള മാര്‍ഗ്ഗം കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരികയെന്നുമുള്ളതാണെന്നും മോദി പറഞ്ഞിരുന്നു.

Top