കപട സൗഹാര്‍ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്ന് കേരള കോണ്‍ഗ്രസ്

PRATHICHAYA

കോട്ടയം: കെഎം മാണിയെ ബാര്‍ കോഴ ആരോപണത്തില്‍പെടുത്തിയത് പാര്‍ട്ടി തന്നെയാണെന്ന വിവാദത്തിനുപിന്നാലെ കേരള കോണ്‍ഗ്രസ് മുഖപത്രം രൂക്ഷമായി വിമര്‍ശിക്കുന്നു. ഒറ്റുകാരുടെ കൂടിയാട്ടമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം കുറിക്കുന്നു.

കപട സൗഹാര്‍ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ലേഖനം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശത്രുവിനോട് കഷമിക്കണം എന്നാണ് ലോകഗുരുക്കന്‍മാര്‍ ഉപദേശിച്ചിട്ടുളളത് എന്നാല്‍ ശത്രുവൊരുക്കുന്ന വിരുന്നില്‍ കടന്നു ചെന്ന് അപഹാസ്യരാകണമെന്ന് ഒരു ഗുരുവും ഉദ്ബോധിപ്പിച്ചിട്ടില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറ്റിയത് ഒരു അമളിയാണ്, സത്യം കളളച്ചിരി ചിരിച്ചു നില്ക്കുന്നതെങ്ങനെയെന്ന് ആളുകള്‍ക്ക് കണ്ടു ചിരിക്കാന്‍ പറ്റിയ ഒരു ദൃശ്യം അവര്‍ കേരളത്തിനു സമ്മാനിക്കുകയും ചെയ്തുവെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു.

ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കുടുക്കി രാജി വെപ്പിച്ചുവെന്നും കെ ബാബുവിനെതിരെ ഉയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം കടുത്താണെന്ന പ്രതീതി ഉണ്ടാക്കിയെന്നും ലേഖനം ആരോപിക്കുന്നു. ബിജു രമേശിനെ ഉപജാപക സംഘം പിറകില്‍ നിന്ന് സഹായിച്ചുവെന്നും ഇവര്‍ ബിജു രമേശിന്റെ കല്യാണത്തിന് ഒത്തുകൂടിയെന്നും ലേഖനം ആരോപിക്കുന്നു. ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്ടി ചുരുട്ടിക്കിട്ടിയ ഇടിയാണെന്നും ലേഖനം പറയുന്നു.

കെഎം മാണിക്കെതിരായ ബാര്‍ കോഴ ഗൂഡാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും ബിജു രമേശും ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്ന് കത്തില്‍ പരാമര്‍ശമുണ്ട്.ഗൂഡാലോചനയില്‍ ഉമ്മന്‍ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്ന് കത്തിലുണ്ട്. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനും കത്തില്‍ വിമര്‍ശനമുണ്ട്.

മന്ത്രിസഭയിലെ മറ്റു മൂന്നു മന്ത്രിമാര്‍ക്കെതിരേയും ബിജു രമേശ് ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ മാണിക്കെതിരേ മാത്രമാണ് കേസെടുത്തത്. ബിജു രമേശിന്റെ മകളുടെ കല്ല്യാണത്തിന് മന്ത്രിമാര്‍ പങ്കെടുത്തത് ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും യൂത്തഫ്രണ്ട് ആരോപിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാത്രമാണ് ശരിയായ നിലപാടെടുത്തതെന്നും കത്തിലുണ്ട്.

ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരുന്നു. താന്‍ പോയത് സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനാണെന്നും കെസിപിസിസി യോഗത്തിന് ഇടയ്ക്കാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ചടങ്ങിനു ശേഷം തിരിച്ച് കെപിസിസിയില്‍ തിരിച്ചെത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

യുഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പരസ്യമായി പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top