കെഎം മാണിയെ ഫോണില്‍പോലും കിട്ടുന്നില്ല; ഭാര്യക്കൊപ്പം മാണി ധ്യാനം കൂടാന്‍ പോയി; കോണ്‍ഗ്രസിന് തലവേദന

km-mani1

കോട്ടയം: വിവാദങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കെഎം മാണി ഇറങ്ങി പോയത് കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോള്‍ പോലും മാണി എടുക്കുന്നില്ല. രമേശ് ചെന്നിത്തല നിരവധി തവണ അദ്ദേഹത്തെ വിളിച്ചത്രേ. അതേസമയം, എല്ലാം കഴിഞ്ഞ് കെഎം മാണി ഭാര്യക്കൊപ്പം ധ്യാനത്തിനു പോയിയെന്നാണ് കേള്‍ക്കുന്നത്.

കോട്ടയം കളത്തിപ്പടിക്കു സമീപമുള്ള ധ്യാനകേന്ദ്രത്തിലാണ് മാണിയും ഭാര്യ കുട്ടിയമ്മയും ഇപ്പോഴുള്ളത്. ഈ മാസം ആറുവരെ ധ്യാനകേന്ദ്രത്തില്‍ ആയിരിക്കുമെന്നതിനാല്‍ മധ്യസ്ഥശ്രമത്തിന് യുഡിഎഫ് ചുമതലപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമെല്ലാം വെട്ടിലായി. ഇതോടെ ചരല്‍ക്കുന്നില്‍ കേരളാ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പാര്‍ട്ടിയുടെ നേതൃക്യാമ്പ് ആരംഭിക്കുംവരെ മാണി മനസ്സുതുറക്കില്ലെന്നും ഉറപ്പായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാര്‍കോഴ കേസ് തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിച്ചുവെളിപ്പെടുത്തിയ മാണി രമേശ് ചെന്നിത്തലയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് എന്ത് വിട്ടുവീഴ്ചചെയ്യേണ്ടിവരുമെന്ന് അറിയാതെ കുഴങ്ങുകയാണ് യുഡിഎഫ് നേതൃത്വം. ഇതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്നീ നേതൃത്രയങ്ങളെ വ്യാഴാഴ്ച ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് ഇടഞ്ഞുനില്‍ക്കുന്ന വിഷയം അവിടെയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. മധ്യസ്ഥ ശ്രമത്തിന് യുഡിഎഫ് ചുമതലപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും ധ്യാനം തീരുംവരെ ഫോണില്‍പോലും സംസാരിക്കാന്‍ മാണി അവസരം നല്‍കില്ലെന്ന സ്ഥിതിയാണിപ്പോള്‍. അതേസമയം, തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ നടത്തിയ ഗൂഢാലോചനയില്‍ അന്തിമ തീരുമാനം ചരല്‍ക്കുന്ന് ക്യാമ്പില്‍ സ്വീകരിക്കുമെന്നും അതിനുശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നുമുള്ള നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍. ക്യാമ്പിനു മുമ്പ് ആരുമായും ചര്‍ച്ച വേണ്ടെന്നാണ് നിലപാടെന്നും നേതാക്കള്‍ പറയുന്നു.

യൂത്ത് ഫ്രണ്ടിനെക്കൊണ്ട് തുറന്നുപറയിപ്പിച്ചും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനങ്ങളിലൂടെയും മാണിയുടെ മനസ്സിലുള്ളതെല്ലാം പുറത്തുവന്ന സാഹചര്യത്തില്‍ മാണി നേരിട്ടൊന്നും പരസ്യമായി പറഞ്ഞില്ലെങ്കിലും ചെന്നിത്തലയുമായി കടുത്ത പിണക്കത്തിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനാക്കിയതിനെതിരെയും അദ്ദേഹം പരസ്യമായി പ്രതികരിച്ചു. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടുപോകുമോയെന്ന കടുത്ത ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. നിയമസഭയില്‍ യുഡിഎഫില്‍ നിന്ന് മാറി പ്രത്യേകം ബ്ളോക്കായി ഇരിക്കാനായിരിക്കും ആദ്യഘട്ടത്തില്‍ തീരുമാനിക്കുക. അനുരഞ്ജന ചര്‍ച്ചകള്‍ ഫലിച്ചില്ലെങ്കില്‍ യുഡിഎഫ് വിടുന്നകാര്യം കേരളാകോണ്‍ഗ്രസ് ചര്‍ച്ചചെയ്തേക്കുമെന്നാണ് അറിയുന്നത്.

എങ്കിലും യുഡിഎഫിലുണ്ടാകുന്ന ഭിന്നിപ്പ് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി മാറും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണിയും കൂട്ടരും എന്‍ഡിഎയില്‍ ചേരുമെന്ന തരത്തിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇവരെ സംസ്ഥാന ബിജെപി നേതൃത്വം പരസ്യമായി ക്ഷണിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ യുഡിഎഫ് ആകെ കലങ്ങി നില്‍ക്കുകയാണ്.

മാണിയും ജോസഫുമുള്‍പ്പെടെ വിട്ടുപോയാല്‍ മധ്യകേരളത്തില്‍ അത് യുഡിഎഫിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുക. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗും കേരളാ കോണ്‍ഗ്രസും വലിയ ക്ഷീണമില്ലാതെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ്സിനാണ് വന്‍ പരാജയനം നേരിടേണ്ടിവന്നത്.

കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുമെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയും മാണിയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്. മാണി പോയാല്‍ യുഡിഎഫ് തന്നെ ഇല്ലാതാകുമെന്ന വിലയിരുത്തലാണ് ഉള്ളത്. അതിനാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും പ്രസ്താവനകളിറക്കുന്നുണ്ടെങ്കിലും അതിന് അത്ര ബലം പോരാ.

അതേസമയം, മാണിയോട് കാണിച്ച വഞ്ചനയ്ക്ക് തിരിച്ചടി നല്കണമെന്നാണ് കേരളാ കോണ്‍ഗ്രസില്‍ പൊതുവേ ഉരുത്തിരിഞ്ഞിട്ടുള്ള വികാരം. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. നടപടിയാണ് വേണ്ടത്. അത് എന്താണെന്ന് ചരല്‍ക്കുന്നില്‍ രണ്ടു ദിവസം നീളുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം തീരുമാനിക്കുമെന്നും പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പറയുന്നു. ജോസഫ് വിഭാഗവും ഇക്കാര്യത്തില്‍ മാണിക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ട്.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന എംപിമാരായ ജോസ് കെ. മാണിയും, ജോയ് എബ്രഹാമും ശനിയാഴ്ച ചരല്‍ക്കുന്ന് ക്യാമ്പിനെത്തും. തുറന്ന ചര്‍ച്ചയ്ക്കൊടുവിലാണ് യു.ഡി.എഫ് വിടണമോ അതോ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കണമോ എന്ന അന്തിമ തീരുമാനത്തിലെത്തുക.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് , ഡെപ്യൂട്ടി ലീഡര്‍ സി.എഫ്. തോമസ് ഉള്‍പ്പെടെ മുഴുവന്‍ എംഎല്‍എമാരുമായും ഒറ്റയ്ക്കും കൂട്ടായും കെ.എം. മാണി ചര്‍ച്ച നടത്തിയിരുന്നു. ഭിന്നിപ്പിന്റെ സ്വരം ആരില്‍ നിന്നും ഉണ്ടാകാതെ ചരല്‍ക്കുന്നിലെ യോഗത്തില്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനത്തിനും മുഴുവന്‍ എംഎല്‍എമാരുടെയും പൂര്‍ണ പിന്തുണ ഉറപ്പിച്ച ശേഷമാണ് കെ.എം. മാണി ധ്യാനം കൂടാനെത്തിയതെന്നാണ് വിവരം.

Top