കൊച്ചി: വോട്ട്ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചി മണ്ഡലത്തിൽ സഭാ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ലത്തീൻ സഭയുടെ നിർദേശത്തിനാണ് സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്. കേരളത്തിലെ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌മാരിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്നതും വിശ്രമം ഇല്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷിയാസെന്നും വി ഡി സതീശൻ പറഞ്ഞു. ഷിയാസ് പണി എടുക്കാത്തവരെ വഴക്ക് പറയും. അത് തന്റെ സ്വഭാവം കിട്ടിയതിനാലാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കൊച്ചി മണ്ഡലം കൺവെൻഷനിൽ ആയിരുന്നു വി ഡി സതീശന്റെ വാക്കുകൾ.
എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യും. നോമിനേഷൻ കൊടുത്തപ്പോൾ കേസുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ എത്ര പേജ് ഉപയോഗിച്ചു എന്നാണ് താൻ ഷിയാസിനോട് ചോദിച്ചത്. കേരളത്തിൽ പലയിടത്തും സിപിഎം ബിജെപി ഡീൽ ഉണ്ടെന്നുള്ള ആരോപണം വി ഡി സതീശൻ ആവർത്തിച്ചു. ഞങ്ങളുടെ കയ്യിൽ വോട്ടു ബാങ്കുണ്ടെന്ന് ചിലർ പറയും. ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ടെന്നും വർഗീയത പറയാൻ ആരും വരണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
അതിനിടെ സഭക്ക് എതിരെ പറഞ്ഞതിൽ മലക്കം മറിഞ്ഞു പ്രതിപക്ഷ നേതാവ് വിഡി സതീശൻ . കേരളത്തിൽ വർഗീയത പറയുന്ന ആളുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി കോൺഗ്രസിലേക്ക് വരണ്ടെന്ന് വി ഡി സതീശൻ. ലത്തീൻ സഭ ഒരിക്കലും വർഗീയത പറയാത്തവരാണെന്നും താൻ പറഞ്ഞത് ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞു.
ലത്തീൻസഭ വർഗീയത പറയുന്നവരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവർ ഒരിക്കലും വർഗീയത പറയില്ല. കൊച്ചിയിൽ ഞാൻ പ്രസംഗിച്ചത് ചില മാദ്ധ്യമങ്ങൾ കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണ്. വർഗീയത ഉണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുന്നവരാണ് ലത്തീൻസഭ. അവരെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങൾ അവരെ അഭിനന്ദിക്കുന്നവരാണ്.
ഒരു തീപ്പൊരി വീണാൽ ആളുകത്തിക്കാൻ ശ്രമിക്കുന്ന വർഗീയവാദികൾ കേരളത്തിലുണ്ട്. ആ വർ ഗീയവാദികൾക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. എനിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയും എസ്ഡിപിഐ സ്ഥാനാർത്ഥിയുമുണ്ട്. അതിന് ലത്തീൻസഭയുമായി കൂട്ടിക്കുഴക്കേണ്ട. ഒരു വർഗീയ പ്രചരണവും ഇന്നുവരെ നടത്താത്ത, സമുദായ സൗഹൃദത്തിന് വേണ്ടി നിലകൊള്ളുന്ന സഭയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.











