കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കിയതിന് ശേഷം; പുറത്തു പറയാതിരിക്കാന്‍ വസ്ത്രങ്ങളും ഫോണും നല്‍കി

കോണ്‍ഗ്രസ് നേതാവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഢനത്തിന് ഇരയാക്കിയത് മയക്കുമരുന്നു നല്‍കി ബോധരഹിതയാക്കിയും സാമ്പത്തിക സഹായം നല്‍കിയുമാണെന്ന് പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ച ആദിവാസി അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പ്ലസ് വണ്‍ വരെ പഠനം തുടര്‍ന്നിരുന്ന പെണ്‍കുട്ടി ജോര്‍ജിന്റെ തുടര്‍ച്ചയായ ഉപദ്രവങ്ങളെത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായതോടെയാണ് സ്‌കൂളില്‍ പോകാതായതെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒ.എം. ജോര്‍ജിന്റെ വീടിനോട് ചേര്‍ന്നു തന്നെയാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. അവധി ദിവസങ്ങളിലും മറ്റും വീടു വൃത്തിയാക്കാനായി ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ സഹായം തേടിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് വിലയേറിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണും മറ്റും വാങ്ങി നല്‍കിയാണ് ഇയാള്‍ പീഢനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടിയുടെ മാതൃസഹോദരിയടക്കമുള്ളവര്‍ പറയുന്നു. പലപ്പോഴും മയക്കുഗുളികകള്‍ നല്‍കിയാണ് ഉപദ്രവിച്ചിരുന്നതെന്നും വീടിനു പുറത്ത് മറ്റിടങ്ങളിലെത്തിച്ചും പീഢിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്.
ഡി.സി.സി ജനറല്‍ സെക്രട്ടറിയായ ഒ.എം. ജോര്‍ജിനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റുകയും പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തതായി എം.എല്‍.എയും ഡി.സി.സി പ്രസിഡന്റുമായ ഐ.സി ബാലകൃഷ്ണന്‍ നേരത്തേ അറിയിച്ചിരുന്നു. കുറ്റവാളിയെന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. എന്നാല്‍, ജോര്‍ജിനെതിരായ പരാതി പിന്‍വലിക്കാനുള്ള നിര്‍ബന്ധവും സാമ്പത്തിക സഹായമെത്തിക്കാമെന്ന വാഗ്ദാനവുമായി പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവും പ്രദേശവാസിയുമായ ഉമ്മറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന്റെ ഭാഗം മാത്രമാണ് ജോര്‍ജിനെതിരായ നടപടിയെന്നും ഒളിവിലായിരിക്കുമ്പോഴും തന്റെ രാഷ്ട്രീയ സ്വാധീനം ജോര്‍ജ് ഉപയോഗിക്കുന്നുണ്ടെന്നും ആദിവാസി സംഘടനകള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top