നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സി-വോട്ടർ സർവെ.രാജസ്ഥാൻ,മധ്യപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് പ്രവചനം.അതേസമയം മിസോറാമിലും ഛത്തിസ്ഗഢിലും തുല്യ ശക്തികളുടെ പോരാട്ടമാണ് സർവെ പ്രവചിക്കുന്നത്.ഇതാദ്യമായാണ് തെലങ്കാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്.
അഞ്ച് കൊല്ലം കൂടുമ്പോൾ മാറി ചിന്തിക്കുന്ന രാജസ്ഥാനിലെ വോട്ടർമാർ കോൺഗ്രസിന് കൃത്യമായ വിജയം പ്രവചിക്കുന്നു.145 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം.പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് 47.9% വോട്ടോടെയാണ് അധികാരത്തിലെത്തുക.ഭരണത്തിലിരിക്കുന്ന ബിജെപിയാകട്ടെ 39.7% ശതമാനത്തിലേക്ക് തളളപ്പെടും.
പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവെ വിലയിരുത്തുന്നു.42.3% വോട്ടാണ് കോൺഗ്രസിന് ലഭിക്കുക.116 സീറ്റാണ് കോൺഗ്രസിന് ലഭിക്കുക.166 സീറ്റുളള ബിജെപിക്ക് 107 സീറ്റ് മാത്രമാണ് ലഭിക്കുക.തെലങ്കാനയിൽ കോൺഗ്രസ്-ടിഡിപി സഖ്യം 64 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
മിസോറാമിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനം.മിസോ നാഷണൽ പാർട്ടിക്ക് 17 സീറ്റും കോൺഗ്രസിന് 12 സീറ്റും സോറം പീപ്പിൾസ് മൂവ്മെന്‍റിന് 9 സീറ്റ് ലഭിക്കും.ഛത്തിസ്ഗഢിൽ 42.2% വോട്ടോടെ കോൺഗ്രസ് 41 സീറ്റ് നേടും അതേസമയം ബിജെപി 41.6% വോട്ട് നേടി 43 സീറ്റ് നേടും.
കോണ്‍ഗ്രസ് ലക്ഷ്യങ്ങള്‍… കോണ്‍ഗ്രസിന് ജയിച്ചേ തീരൂ; മറിച്ചായാല്‍ എല്ലാം തീരും.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് പ്രവചനമുണ്ടെങ്കിലും മറിച്ച് സംഭവിച്ചാല്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രാധാന്യം പോലും ചോദ്യം ചെയ്യപ്പെടും. കോണ്‍ഗ്രസ് നേതാവിനെ തന്നെ ഉദ്ധരിച്ച് ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട്.
ദേശീയ തലത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണെങ്കിലും ചില ഭീഷണികള്‍ പാര്‍ട്ടി നേരിടുന്നുണ്ട്. പ്രതിപക്ഷ മുന്നണിയില്‍ ഒട്ടേറെ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവരികയാണ്. പ്രതിപക്ഷ ഐക്യശ്രമവുമായി മുന്നോട്ട് വരുന്നതില്‍ കോണ്‍ഗ്രസ് മാത്രമല്ല ഇപ്പോഴുള്ളത്. നേതൃപദവി നഷ്ടമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപിക്കെതിരെ ഐക്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷ പ്രാദേശിക പാര്‍ട്ടികളില്‍ ചിലര്‍ക്ക് കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ട എന്ന അഭിപ്രായമുള്ളവരാണ്.
മമതാ ബാനര്‍ജിയുള്‍പ്പെടെയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസ് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതിപക്ഷ ശക്തിയാണെന്ന് ഇത്തരം നേതാക്കള്‍ക്ക് തോന്നണമെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തണം. അല്ലെങ്കില്‍ പ്രതിസന്ധിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പലയിടത്തും കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ നടക്കുകയാണ്. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യമുണ്ടാക്കാനാണ് നീക്കം. മഹാരാഷ്ട്രയില്‍ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇവിടെ സീറ്റ് വിഭജന വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയിച്ചാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപി വിട്ടുവീഴ്ച ചെയ്യുമെന്ന് പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് പറയുന്നു.
എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തില്‍ തന്നെ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലെങ്കില്‍ എന്‍സിപി കാലുമാറിയേക്കാമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റു കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് വിജയിച്ചേ തീരുവെന്ന് പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസിന് ദേശീയ തലത്തിലുള്ള പദവി നിലനിര്‍ത്തണം, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെടരുത്, സഖ്യ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ കിട്ടണം, പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി പദവിയിലേക്ക് മറ്റു പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിക്കുന്നത് ഒഴിവാകണം തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസിന്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നവയാണ്. ഇവിടെ കോണ്‍ഗ്രസും ബിഎസ്പിയും ഒന്നിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തെ ചൊല്ലി ബിഎസ്പി ഇടഞ്ഞു. ഒറ്റയ്ക്ക മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിഎസ്പിക്ക് അത്ര സ്വാധീനമില്ല. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ബിഎസ്പി നിര്‍ണായക ശക്തിയാണ്. അവിടെ കോണ്‍ഗ്രസ്-ബിഎസ്പി-എസ്പി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബിഎസ്പി സഹകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ പാളും. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കോണ്‍ഗ്രസ് പിന്തള്ളപ്പെടും അതുകൊണ്ടുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിച്ചേ മതിയാകൂ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആറ് മാസത്തിനകം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വേണ്ടത്രെ പരിഗണന മറ്റു പാര്‍ട്ടികള്‍ നല്‍കില്ല. മാത്രമല്ല, ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പിന്തള്ളപ്പെടുകയും ചെയ്യും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം ഏകദേശ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് ഈ സഖ്യത്തില്‍ വന്നില്ലെങ്കില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപിക്ക് ഗുണകരമാകുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നു. അങ്ങനെ സംഭവിച്ചാലും കോണ്‍ഗ്രസ് ലക്ഷ്യം പൊളിയും. അവിടെയാണ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം. മോദിയെ പുകഴ്ത്തിയ പവാര്‍ റാഫേല്‍ ഇടപാടില്‍ മോദിയെ പുകഴ്ത്തി എന്‍സിപി നേതാവ് ശരത് പവാര്‍ സംസാരിച്ചത് കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്‍സപി കളം മാറുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. എന്‍സിപി കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. എന്‍സിപി മഹാരാഷ്ട്രയില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ശക്തിയാണ്. അവര്‍ ബിജെപിയെ പിന്തുണച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.