ലോകത്തിലെ ഭാരം കൂടിയ യുവതിയായ ഇമാന്‍ അഹ്മദ് വണ്ണം കുറയ്ക്കാന്‍ ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അമിതഭാരത്താല്‍ ദുരിതമനുഭവിക്കുന്ന ഈ ഈജിപ്ഷ്യന്‍ യുവതി ശസ്ത്രക്രിയയ്ക്ക് ശേഷം മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. ഫെബ്രുവരിയില്‍ ഈജിപ്റ്റില്‍ നിന്ന് മുംബൈയില്‍ എത്തുമ്പോള്‍ 504 കിലോയായിരുന്നു മുപ്പത്തിയാറുകാരിയായ ഇമാന്റെ ശരീര ഭാരം. രണ്ട് മാസം കൊണ്ട് 242 കിലോ തൂക്കം അതായത്, ഏകദേശം പകുതി ശരീര ഭാരം കുറച്ചുവെന്നാണ് സെയ്ഫി ഹോസ്പിറ്റലില്‍ ഇമാന്റെ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ മുഫാസല്‍ ലക്ഡാവാല നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ ഈ അവകാശ വാദം വെറും നുണ മാത്രമാണെന്ന് ഇമാന്റെ സഹോദരി ഷൈമ സലീം ആരോപിക്കുന്നു. വീഡിയോയിലൂടെയാണ് ഷൈമയുടെ ആരോപണം.
അവള്‍(ഇമാന്‍) വളരെയധികം അസ്വസ്ഥയാണ്. പത്ത് ദിവസം മുമ്പ് അവള്‍ക്ക് ത്രോമ്പോസിസ്(നാഡീരക്ത പ്രതിബന്ധനം) ഉണ്ടായി. ഇവിടെ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് ഇതുണ്ടാകുന്നത്. സംസാരിക്കാനും ശ്വാസമെടുക്കാനും കഴിയാത്തതിനാല്‍ ട്യൂബിലൂടെയാണ് സഹോദരിയ്ക്ക് ഭക്ഷണം കൊടുക്കുന്നത്. സഹോദരിയെ സിടി സ്‌കാനിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുംബൈയിലെങ്ങും ഓപ്പണ്‍ മെഷീന്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അത് ശരിയല്ല. ഇതുപോലുള്ള കേസുകളെ കൈകാര്യം ചെയ്യാന്‍ ആശുപത്രി സജ്ജമല്ല എന്നതാണ് എന്റെ പ്രശ്‌നമെന്നും ഷൈമ സലീം. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിലാണ് ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും പ്രധാന ശ്രദ്ധയെന്നും ഇമാന്റെ സഹോദരി ഷൈമ സലീം പറഞ്ഞു.
ഇമാന്റെ ഭാരം 242 കിലോഗ്രാം കുറഞ്ഞെന്ന ഡോക്ടര്‍മാരുടെ അവകാശ വാദം നുണയാണെന്നും ഷൈമ ആരോപിച്ചു. ഒന്നര മാസമായി സഹോദരിയുടെ നില ഗുരുതരമാണ്. മുഖവും കൈകളും നീല നിറമാണെന്നും ഷൈമ പറഞ്ഞു.
ഷൈമയുടെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ഈജിപ്തില്‍ സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇമാന്റെ ചികിത്സയ്ക്കും യാത്രയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ഇതുവരെ രണ്ട് കോടിയലധികം രൂപ ചെലവായി. ഇമാന്റെ ദുരിതം കേട്ടറിഞ്ഞ് ലോകത്തെ നിരവധി പേര്‍ ചികിത്സക്കായി പണം സംഭാവന ചെയ്തിരുന്നു.
ഒരൊറ്റ ആശുപത്രി പോലും ഇമാനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഭാരം കുറഞ്ഞപ്പോള്‍ ഇമാന്റെ കുടുംബം മനുഷ്യത്വപരമായ ഇടപെടലിനെ ചോദ്യം ചെയ്യുകയാണെന്നുമാണ് സെയ്ഫി ആശുപത്രി ഡോക്ടര്‍ മുഫാസല്‍ ലക്ഡാവാല ഇതിനോട് പ്രതികരിച്ചത്.
171 കിലോഗ്രാം ആണ് ഇപ്പോള്‍ ഇമാന്റെ ശരീരഭാരം. ഡയറ്റിലൂടെ മാത്രമേ ഇനി ഇമാന്റെ ഭാരം കുറയുകയുള്ളൂ. ഭാരം കുറഞ്ഞതിന് സാക്ഷികളായ കുടുംബം ഇപ്പോള്‍ ഇമാനെ നടത്തിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിപ്പിക്കുകയാണ്. അതിപ്പോള്‍ സാധ്യമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
സെയ്ഫി ഹോസ്പിറ്റലില്‍ ഡോക്ടര്‍ മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ഇമാന് ചികിത്സ നല്‍കുന്നത്. സ്ലീപ് അപ്നിയ, ഹേപോതൈറോയ്ഡ്, ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍,പൊണ്ണത്തടി എന്നിവയ്‌ക്കെല്ലാം ഇമാനു ചികിത്സ നല്‍കുന്നുണ്ട്. ഒപ്പം പ്രോട്ടീന്‍ ഡയറ്റുമുണ്ട്.
കെയ്‌റോ സ്വദേശിയായ ഇവര്‍ക്ക് വേണ്ടി മുംബൈയില്‍ പ്രത്യേകമായി ഒരുക്കിയ ആസ്പത്രിക്കെട്ടിടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. 500 കിലോ ശരീര ഭാരമുള്ള കെയ്‌റോ സ്വദേശിനി ഇമാന്‍ അഹമ്മദിനായി ചര്‍ണി റോഡിലെ സെയ്ഫി ആശുപത്രി വളപ്പില്‍ 3000 ചതുരശ്രഅടി വിസ്തൃതിയില്‍ താത്കാലികകെട്ടിടം പണി കഴിപ്പിച്ചിരുന്നു.