നഞ്ചാംഗ് : ജോലിയില്‍ തിളങ്ങുന്നില്ലെന്ന് ആരോപിച്ച് വനിതാ ജീവനക്കാരെ മാനേജ്‌മെന്റ് പ്രാകൃത ശിക്ഷാ വിധിക്ക് ഇരയാക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ നഞ്ചാംഗിലെ ഒരു ബ്യൂട്ടി ആന്റ് സ്‌കിന്‍ കെയര്‍ കമ്പനിയിലെ ജീവനക്കാരോടാണ് മാനേജ്‌മെന്റിന്റെ ക്രൂരമായ നടപടി.യുവതികള്‍ അഭിമുഖമായി മുട്ടിലിരുന്ന് പരസ്പരം മുഖത്തടിക്കുകയാണ് വേണ്ടത്. ഏറെ നേരം നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കണം. വാര്‍ഷിക കണക്കെടുപ്പിലൂടെയാണ്, ഇവര്‍ മോശം പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് മാനേജ്‌മെന്റ് വിലയിരുത്തിയത്. പൊതുവേദിയില്‍വെച്ചായിരുന്നു ഈ പ്രാകൃത ശിക്ഷ. കമ്പനിയുടെ പതിനാലാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങിനായി സജ്ജീകരിച്ച വേദിയില്‍വെച്ചായിരുന്നു മുഖത്തടി.നൂറുകണക്കിന് സഹജീവനക്കാരുടെ മുന്‍പിലാണ് ഇവര്‍ ഈ കൃത്യം നിര്‍വഹിക്കേണ്ടി വന്നത്. വില്‍പ്പന വിഭാഗത്തിലെ യുവതികളാണ് ശിക്ഷാവിധിക്ക് ഇരകളായത്. ജീവനക്കാരില്‍ ടീം സ്പിരിറ്റ് വര്‍ധിപ്പിക്കാനാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവരെക്കൊണ്ട് ഇത് ചെയ്യിക്കവെ ക്രൂരമായ സംഘമെന്ന് പിന്നിലെ സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നുമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനകം അറുപത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. മാനേജ്‌മെന്റിന്റെ ഈ പ്രാകൃത നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.