മൈസൂരു: മൈസൂരു രാജകുടുംബത്തിന്റെ ശാപം ഒഴിയുന്നു. നാന്നൂറ് വര്‍ഷത്തെ ശാപകഥയ്ക്ക് വിരാമമിട്ട് കുടുംബത്തില്‍ ആണ്‍കുഞ്ഞ് പിറന്നു. മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ക്കും വധു രാജസ്ഥാന്‍ സ്വദേശിനി ത്രിഷിക കുമാരിയ്ക്കും ആണ്‍കുഞ്ഞു പിറന്നു. ബെംഗളൂരുവില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു കുഞ്ഞിന്റെ ജനനം. മൈസൂരുവില്‍ ദസറ ആഘോഷങ്ങള്‍ക്കു ശേഷം യദുവീറും ത്രിഷികയും ബെംഗളൂരുവിലായിരുന്നു താമസം.
2016 ജൂണിലായിരുന്നു യദുവീറിന്റെയും ത്രിഷികയുടെയും വിവാഹം. അന്തരിച്ച മൈസൂരു രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ സഹോദരി ഗായത്രിദേവിയുടെ മകള്‍ ത്രിപുര സുന്ദരിയുടേയും സ്വരൂപ് ആനന്ദ്‌രാജ് അര്‍സിന്റെയും മകനാണ് യദുവീര്‍.
യുഎസിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായ യദുവീര്‍ ഗോപാല്‍രാജ് അര്‍സിനെ 2015 ഫെബ്രുവരിയില്‍ പ്രമോദ ദേവി ദത്തെടുക്കുകയും യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ എന്നു പുനര്‍നാമകരണം നടത്തുകയുമായിരുന്നു. 2013ല്‍ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു ഇത്.
1610ല്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന രാജാ വൊഡയാറിനെ റാണി അലമേലമ്മ ശപിച്ചതിനെത്തുടര്‍ന്നാണ് ഈ വംശത്തിലെ മിക്ക രാജാക്കന്മാര്‍ക്കും മക്കളുണ്ടാകാത്തതെന്നാണ് ഐതിഹ്യം. അലമേലമ്മയുടെ കൈവശമുണ്ടായിരുന്ന കൊട്ടാരംവക സ്വര്‍ണാഭരണങ്ങള്‍ രാജാ വൊഡയാര്‍ ബലം പ്രയോഗിച്ചു വാങ്ങിയതിനെത്തുടര്‍ന്ന് ഇവര്‍ കാവേരിയില്‍ ചാടി മരിച്ചതായാണു കഥ. മരിക്കുംമുന്‍പ് അവര്‍ ഇങ്ങനെ ശപിച്ചു: തലക്കാടു മരളാവട്ട് (തലക്കാട് മണലാവട്ടെ), മൈസൂരു ദൊരെഗളികെ മക്കളാകതേ ഹോഗലീ (മൈസൂര്‍ രാജാക്കന്മാര്‍ക്കു മക്കളുണ്ടാകാതിരിക്കട്ടെ).
ഈ ശാപത്തെത്തുടര്‍ന്നാണ് ഒന്നിടവിട്ട തലമുറകളില്‍ പ്രത്യേകിച്ച് അനന്തരാവകാശികള്‍ ഇല്ലാത്തതെന്നാണു കഥ. അലമേലമ്മയുടെ ശാപം തീരാന്‍ രാജാ വൊഡയാര്‍ മൈസൂരുവില്‍ വിഗ്രഹം സ്ഥാപിച്ചിട്ടു പോലും ഫലം കണ്ടില്ല. ശാപം മാറ്റാന്‍ പ്രത്യേക പൂജകള്‍ വരെ ഓരോ തലമുറയും അനുഷ്ഠിച്ചു പോന്നിരുന്നു.