ശാലിനി
ന്യൂ ഡല്‍ഹി: ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമുഖത്ത് കുറഞ്ഞു തുടങ്ങിയതും ഊര്‍ജാവശ്യങ്ങള്‍ ദൈനംദിനം വര്‍ദ്ധിച്ചു വരുന്നതും മാത്രമല്ല കൂടി വരുന്ന അന്തരീക്ഷ മലിനീകരണവും ഓരോ രാജ്യത്തെയും പരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അപകടമില്ലാതെ നിറവേറ്റാന്‍ എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണമാണ് പുനരുപയോഗിക്കാവുന്ന ഊര്ജസ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ആശയത്തില്‍ പുതു തലമുറയെ കൊണ്ടെത്തിച്ചിരിക്കുന്നത്. കാറ്റ്, സൂര്യന്‍, സമുദ്രം തുടങ്ങിയ എല്ലാ പ്രകൃതി സ്രോതസുകളിലും പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.
സമുദ്രോര്‍ജത്തെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഉപദ്വീപീയ പീഠഭൂമിയായ ഇന്ത്യയുടെ ശ്രമം.
ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് ടെക്‌നോളജിയും ക്രിസില്‍ ലിമിറ്റഡും ചേര്‍ന്ന് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ ഊര്‍ജ സുരക്ഷയ്ക്കായി സമുദ്ര ശക്തിയെ പ്രയോജനപ്പെടുത്തെണ്ടി വരുമെന്നാണ്. ഈ പഠനത്തെ ഉദ്ധരിച്ച് ഇന്നലെ രാജ്യസഭയില്‍ കേന്ദ്ര ഊര്ജമന്ത്രി പറഞ്ഞത് തിരമാലകളില്‍ നിന്ന് 8000 മെഗാവാട്ടോളം ഊര്‍ജ ഉദ്പാദന ശേഷിയുണ്ട് രാജ്യത്തിന് എന്നാണ്. 7517 കിലോമീറ്റര്‍ സമുദ്രതീരമുള്ള ഇന്ത്യക്ക് സമുദ്രോര്‍ജത്തെ എളുപ്പത്തിലും ലാഭകരമായും പ്രയോജനപ്പെടുത്താമെന്ന് പഠനം വ്യക്തമാക്കുന്നു. കംഭാത്തിലെയും കച്ചിലെയും ഉള്‍ക്കടല്‍ മേഖലകളില്‍ നിന്നായി യഥാക്രമം 7000 മെഗാവാട്ട് ,1200 മെഗാവാട്ട് വീതം ഊര്‍ജോത്പാദനം സാധ്യമാണ്. പശ്ചിമ ബംഗാളിനടുത്ത് ഗംഗയുടെ ഡെല്‍റ്റയായ സുന്ദരവനങ്ങളില്‍ നിന്ന് മാത്രം ഏതാണ്ട് 100 മെഗാവാട്ട് ഊര്‍ജോത്പാദനം സാധ്യമാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം സാധ്യമായാല്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷാ മേഖലയില്‍ സമുദ്രോര്‍ജമായിരിക്കും പ്രധാന പങ്ക് വഹിക്കുക എന്ന് പഠനം അടിവരയിടുന്നു.
ഊര്ജമന്ത്രി രാജ്കുമാര്‍ സിംഗിന്റെ അഭിപ്രായത്തില്‍ മെഗാവാട്ടിന് 30 കോടി മുതല്‍ 60 കോടിവരെ ആണ് നിലവില്‍ ഉത്പാദന ചെലവ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും പരീക്ഷണങ്ങള്‍ അല്പം കൂടി മുന്നോട്ടു പോകുമ്പോള്‍ തെളിയുന്ന പുത്തന്‍ ആശയങ്ങളും വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയുടെ ഉപഭോഗവും ഈ ചെലവു ഭാവിയില്‍ ഗണ്യമായികുറയ്ക്കും എന്നും മന്ത്രി പറയുന്നു. സൌരോര്‍ജ മേഖലയിലും കാറ്റില്‍ നിന്നുള്ള ഊര്‍ജോത്പാദന മേഖലയിലും ആദ്യകാലങ്ങളില്‍ ഭാരിച്ച ചെലവുകള്‍ നാം കണ്ടതാണ്. പക്ഷെ പിന്നീട് വളരെ ചെറിയ ചെലവില്‍ ഈ ഊര്ജമെഖലകളെ നമുക്ക് പ്രയോജനപ്പെടുത്താനായി.
ദിനംതോറും വര്‍ധിച്ചു വരുന്ന ഊര്ജാവശ്യമാണ് ഇന്ത്യയുടേത്. ഇതിനായി സര്‍ക്കാര്‍ സാധ്യമായ തരത്തിലുള്ള എല്ലാ ഊര്‍ജ സ്രോതസുകളെയും പരമാവധി പ്രയോജനപ്പെടുത്താന്‍ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വരികയാണ്. വ്യാവസായികഅടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനായാല്‍ മാത്രമേ ചെലവ് കുറയ്ക്കാന്‍ സാധ്യമാവുകയുള്ളൂ. പ്രധാനമന്ത്രി സഹജ് ബിജലി ഹര് ഘര്‍ യോജന, സൌഭാഗ്യ പദ്ധതികള്‍ ലക്ഷ്യം വയ്ക്കുന്നത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 40 മില്യണ്‍ ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാനാണ്. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നത് വളരെ വലിയൊരു ദൌത്യമാണ്. നിലവിലെ ഊര്‍ജസ്രോതസുകളെ മാത്രം ആശ്രയിച്ച് ഇത്തരത്തില്‍ ഏറി വരുന്ന ഊര്ജാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ സാധ്യമല്ല. തുടക്കത്തിലേ ഭാരിച്ച ചെലവുകള്‍ മാറ്റി വ്യാവസായികാടിസ്ഥാനത്തില്‍ സൌരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനായത് ഏറെ ഗുണം കണ്ടു. ഇത് ഗര്‍ഹികാവശ്യങ്ങള്‍ അല്‍പമെങ്കിലും നിറവേറ്റാന്‍ സഹായകമായി. തിരമാലകളില്‍ നിന്നുള്ള ഊര്‍ജോത്പാദനം ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കണം എന്നും മന്ത്രി പറഞ്ഞു.
2012 മുതല്‍ 2040 വരെ കാലയളവില്‍ ഇന്ത്യയുടെ ഊര്‍ജാവശ്യം 2.7 മുതല്‍ 3.2 മടങ്ങ് വരെ വര്‍ദ്ധിക്കും എന്നാണ് നീതി അയോഗ് കണക്കാക്കുന്നത്. ഈ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കൂടുതല്‍ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്തി വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം നടത്തണം എന്നും നീതി അയോഗ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പശ്ചാത്തല വികസനത്തിലും സാങ്കേതിക വിദ്യയിലുമുള്ള പുരോഗതിക്കും ശാസ്ത്രത്തെ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറണമെന്നും അറബിക്കടല്‍ ഇന്ത്യയുടെ ഊര്ജാവശ്യങ്ങളെ ഒരു പരിധിവരെ തൃപ്തിപ്പെടുതിയെക്കാം എന്നും നീതി അയോഗിന്റെ ദേശീയ ഊര്‍ജ നയത്തിന്റെ കരട് വിജ്ഞാപനത്തില്‍ പറയുന്നു..