തിരുവനന്തപുരം: ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില അപകടകരമായി തുടരുന്നു. കോളജിലെ മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മലപ്പുറം നിലമ്പൂര്‍ സ്വദേശിനി തന്‍സി ബഷീറിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തന്‍സി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ജീപ്പ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള പെണ്‍കുട്ടിയെ മൂന്നുതവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പരിക്ക് ഗുരുതരമായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ജീപ്പ് ഓടിച്ചിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പല സമയങ്ങളില്‍ പല വിദ്യാര്‍ത്ഥികളാണ് ഈ ജീപ്പ് ഉപയോഗിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വൈകിട്ട് മൂന്നരക്ക് നടന്ന സംഭവം എട്ടരക്കാണ് പൊലീസില്‍ അറിയിച്ചത്. വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തിയ ജീപ്പ് പൊലീസ് കോളേജിന് പിന്‍വശത്തുനിന്ന് കണ്ടെത്തി. ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വാഹനം ഓടിച്ചതെന്നാണ് സൂചന. മൂവാറ്റുപുഴ സ്വദേശിയുടേതാണ് ജീപ്പ്. അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയ ജീപ്പുകള്‍ മുമ്പും പോലീസ് കോളേജ് വളപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു.
സംഭവം നടന്ന സമയത്ത് പരിക്ക് ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടാണ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അറിയിക്കാതിരുന്നതെന്നാണ് പ്രിന്‍സിപ്പിലിന്റെ വിശദീകരണം. എന്നാല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ നില ഗുരുതരമാണെന്ന് മനസ്സിലായതിനേത്തുടര്‍ന്ന് രാത്രി പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീപ്പില്‍ 25 പേരുണ്ടായിരുന്നെന്നും ഇവര്‍ മദ്യപിച്ചിരുന്നെന്നും വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു.