ബാഗില്‍ പ്രണയലേഖനം; അധ്യാപിക വഴക്കുപറഞ്ഞു; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നിലഗുരുതരം

fire

മൂവാറ്റുപുഴ: സ്‌കൂള്‍ ബാഗില്‍ പ്രണയലേഖനം കിട്ടിയപ്പോള്‍ അധ്യാപിക വിദ്യാര്‍ത്ഥിനിയെ ശകാരിച്ചു. പോയി ചത്തൂടെ എന്നും പറയുകയയുണ്ടായി. ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി കുട്ടി പോയി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്.

തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് 70ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അധ്യാപകരുടെ പ്രവൃത്തിക്കെതിരേ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവര്‍ രംഗത്തെത്തി. മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളിലാണു സംഭവം. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയുടെ ബാഗില്‍നിന്നു പ്രണയലേഖനം അധ്യാപകര്‍ കണ്ടെടുക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചറിയിച്ചു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെയെന്ന് അധ്യാപിക ശകാരിക്കുകയുമായിരുന്നുവെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രണയലേഖനം കണ്ടെടുത്ത അധ്യാപികയ്ക്കു പുറമേ പ്രിന്‍സിപ്പലും പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പരിസഹസിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആര്‍ക്കോ പ്രണയലേഖനം എഴുതിയെന്നു പറഞ്ഞായിരുന്നു ശകാരവും കളിയാക്കലും. ബാഗില്‍നിന്നു കണ്ടെത്തിയത് പ്രണയകവിതയാണെന്നും മാതാപിതാക്കള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളിലെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ നടത്തിയ പരിശോധനയ്ക്കിടയിലാണു പെണ്‍കുട്ടിയുടെ ബാഗില്‍നിന്നു പ്രണയലേഖനം കണ്ടെടുത്തതെന്നാണു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. രണ്ടു കുട്ടികളുടെ ബാഗില്‍നിന്നു മൊബൈല്‍ ഫോണും കണ്ടെത്തി. പത്താംക്ലാസില്‍ പഠിക്കുന്ന കാലത്തു പരിചയപ്പെട്ട ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ക്കെഴുതിയ പ്രണയലേഖനങ്ങളാണു ബാഗിലുണ്ടായിരുന്നതെന്നുമാണ് അധ്യാപകര്‍ പറയുന്നത്. പ്രണയലേഖനം താന്‍ തന്നെ എഴുതിയതാണെന്നു പെണ്‍കുട്ടി സമ്മതിച്ചതായും അധ്യാപകര്‍ പറയുന്നു.

എന്നാല്‍ പ്രണയലേഖനമല്ലെന്നു കരഞ്ഞു പറഞ്ഞിട്ടും അധ്യാപകര്‍ കേള്‍ക്കാന്‍ തയാറാകാതിരിക്കുകയായിരുന്നെന്നാണു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. ചെറിയൊരു ശാസന പോലും വേണ്ടാതിരുന്ന പ്രശ്നം അധ്യാപകര്‍ മനഃപൂര്‍വം വഷളാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവന്ന ശേഷം മാത്രം സ്‌കൂളില്‍ കയറിയാല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. മകള്‍ ആത്മഹത്യക്കു ശ്രമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം അധ്യാപികയ്ക്കാണെന്നാണു മാതാപിതാക്കള്‍ ആരോപിക്കുന്നു.

മിടുക്കിയായി പഠിക്കുന്ന പെണ്‍കുട്ടി പ്രണയലേഖനമെഴുതി കണ്ടപ്പോഴുണ്ടായ ദേഷ്യത്തിലായിരുന്നെന്നും കുട്ടി നന്നാവാന്‍ വേണ്ടിയാണു ശകാരിച്ചതെന്നുമാണ് അധ്യാപിക പറയുന്നത്. പെണ്‍കുട്ടിക്ക് എഴുപതു ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണു പെണ്‍കുട്ടി. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ്, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ രംഗത്തെത്തി. അധ്യാപികയ്ക്കെതിരേ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

Top